ഡ്രൈവർ വിസയിൽ എത്തുന്നവർക്ക് ഇനി ഖത്തറിൽ കണ്ണ് പരിശോധന നടത്തേണ്ടതില്ല
|ഖത്തർ വിസ സെന്ററുകളിൽ നടത്തുന്ന നേത്ര പരിശോധന ട്രാഫിക് വിഭാഗവുമായി ബന്ധിപ്പിച്ചതോടെയാണ് ഈ സൗകര്യം ലഭ്യമായത്
ദോഹ: ഡ്രൈവർ വിസയിൽ എത്തുന്നവർക്ക് ഇനി ഖത്തറിൽ കണ്ണ് പരിശോധന നടത്തേണ്ടതില്ല. ഖത്തർ വിസ സെന്ററുകളിൽ നടത്തുന്ന നേത്ര പരിശോധന ട്രാഫിക് വിഭാഗവുമായി ബന്ധിപ്പിച്ചതോടെയാണ് ഈ സൗകര്യം ലഭ്യമായത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഖത്തർ വിസ സെന്ററുകളിലെ കണ്ണ് പരിശോധനാ ഫലം ഇനി മുതൽ ട്രാഫിക് വിഭാഗത്തിലെ ലൈസൻസിങ് അതോറിറ്റിക്ക് ലഭിക്കും.
ഡ്രൈവിങ് വിസയിൽ രാജ്യത്ത് എത്തുന്നവരുടെ ഫലമാണ് ഇങ്ങനെ ബന്ധിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ഡ്രൈവർ ജോലിക്കായി ഖത്തറിൽ എത്തുന്നവർ സാധാരണ ഗതിയിൽ ലൈസൻസുകൾക്കായി അപേക്ഷിക്കുമ്പോൾ നടത്തേണ്ട കാഴ്ചശക്തി പരിശോധന ഇനി നടത്തേണ്ടതില്ല. ജോലിക്കായി രാജ്യത്തേയ്ക്കു പുതുതായി വരുന്നവരുടെ യാത്ര സംബന്ധമായ രേഖകൾ ശരിയാക്കാനുള്ള കേന്ദ്രങ്ങളാണ് വിസ സെന്ററുകൾ.
വിദേശികളെ ഖത്തറിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ എളുപ്പവും കാര്യക്ഷമവുമാക്കാനാണ് വിവിധ രാജ്യങ്ങളിൽ ഖത്തർ വിസ സെന്റർ സ്ഥാപിച്ചത്. കൊച്ചിയിലടക്കം ഇന്ത്യയിൽ ഏഴ് ഖത്തർ വിസ സെന്ററുണ്ട്. ഖത്തർ ആഭ്യന്തരമന്ത്രാലയം വിദേശ ഏജൻസി വഴിയാണ് ഓരോ വിദേശരാജ്യത്തെയും ക്യു.വി.സികൾ നടത്തുന്നത്. തൊഴിൽ വിസയിൽ ഖത്തറിലേക്ക് വരുന്നവരുടെ മെഡിക്കൽ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴിൽ കരാർ ഒപ്പുവെക്കൽ എന്നിവ സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെ വിദേശത്തുതന്നെ നടത്താൻ ക്യു.വി.സി വഴി സാധിക്കും.