ഗതാഗത നിയമം ലംഘിച്ചവർക്ക് പിഴ അടച്ചു തീർക്കാതെ ഇനി ഖത്തർ വിടാനാകില്ല
|ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്
ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനങ്ങളുള്ള വാഹനങ്ങൾക്കും വ്യക്തികൾക്കും ഇനി പിഴ അടച്ചു തീർക്കാതെ രാജ്യം വിടാനാകില്ല. ട്രാഫിക് പിഴ അടയ്ക്കുന്നതിനും വാഹന എക്സിറ്റ് പെർമിറ്റുകൾക്കുമായി ഏഴ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം.
മോട്ടോർ വാഹനങ്ങൾ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്ന് പെർമിറ്റ് ലഭിച്ചിരിക്കണം. പെർമിറ്റ് ലഭിക്കുന്നതിന് വാഹനത്തിന് അടച്ചു തീർപ്പാക്കാത്ത ട്രാഫിക് പിഴകൾ ഉണ്ടാകരുത്. വാഹനം പോകുന്ന സ്ഥലം എവിടെയെന്ന് വ്യക്തമാക്കിയിരിക്കണം. കൂടാതെ പെർമിറ്റിനായി അപേക്ഷിക്കുന്നയാൾ വാഹനത്തിൻറെ ഉടമയായിരിക്കണം. അല്ലെങ്കിൽ വാഹനം രാജ്യത്തിന് പുറത്ത് പോകുന്നതിന് ഉടമയുടെ സമ്മത രേഖ ഹാജരാക്കേണ്ടതുണ്ട്.
നടപടിക്രമങ്ങൾ ലംഘിക്കുന്നവർക്ക് വാഹനം പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടേണ്ടിവരും. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അധികൃതരാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പരിഷ്കരിച്ച നിയമനടപടികൾ മെയ് 22 മുതൽ പ്രാബല്യത്തിൽ വരും.