ഖത്തർ ലോകകപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപ്പന നാളെ സമാപിക്കും
|ടിക്കറ്റ് സ്വന്തമാക്കിയവരിൽ മുൻനിരയിലാണ് ഇന്ത്യക്കാരുടെ സ്ഥാനം
ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപ്പന നാളെ സമാപിക്കും. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്ന ഇത്തവണ ആദ്യമെത്തുന്നവർക്ക് ആദ്യമെന്ന നിലയിലാണ് ടിക്കറ്റ് നൽകിയത്. കിക്കോഫിന് മുന്നോടിയായി ടിക്കറ്റ് സ്വന്തമാക്കാൻ ഒരവസരം കൂടിയുണ്ടാകും.
ജൂലൈ അഞ്ചിനാണ് ടിക്കറ്റ് വിൽപ്പ ആരംഭിച്ചത്. ഖത്തർ സമയം നാളെ ഉച്ചയ്ക്ക് 12 മണിവരെയാണ് ഈ ഘട്ടത്തിൽ ടിക്കറ്റ് സ്വന്തമാക്കാൻ അവസരമുള്ളത്. രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പനയുടെ തന്നെ ഭാഗമായാണ് ഫസ്റ്റ് കം ഫസ്റ്റ് സെർവ് എന്ന രീതിയിൽ ടിക്കറ്റുകൾ നൽകുന്നത്. ഇതോടൊപ്പം തന്നെ ആഗസ്റ്റ് മൂന്നിന് ആരംഭിച്ച പുനർവിൽപ്പന പ്ലാറ്റ്‌ഫോമും അവസാനിക്കും. അതേസമയം ഇനിയും ടിക്കറ്റ് ലഭിക്കാത്തവർക്കായി കൂടുതൽ ടിക്കറ്റുകളുമായി ലാസ്റ്റ് മിനുട്ട് വിൽപ്പന കൂടിയുണ്ടാകും. ഇത് എന്നുമുതലായിരിക്കുമെന്ന് ഇതുവരെ ഫിഫ അറിയിച്ചിട്ടില്ല.
മൂന്ന് ഘട്ടങ്ങളിലായി ആകെ 30 ലക്ഷത്തോളം ടിക്കറ്റുകൾ ആരാധകർക്ക് നൽകുമെന്നായിരുന്നു ഫിഫ അറിയിച്ചിരുന്നത്. രണ്ടാംഘട്ടത്തിൽ റാൻഡം നറുക്കെടുപ്പിന് ശേഷമുള്ള കണക്കുകൾ പ്രകാരം 18 ലക്ഷം ടിക്കറ്റുകൾ നൽകിക്കഴിഞ്ഞു. ആതിഥേയരായ ഖത്തറിൽ നിന്നായിരുന്നു കൂടുതൽ ആവശ്യക്കാർ. സ്വദേശികളും ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികളും ആവേശത്തോടെ രംഗത്തുണ്ട്. ടിക്കറ്റ് സ്വന്തമാക്കിയവരിൽ മുൻനിരയിലാണ് ഇന്ത്യക്കാരുടെ സ്ഥാനം