ലോകകപ്പ് ഫുട്‌ബോൾ ഫൈനലിന് വേദിയാകുന്ന ലുസൈൽ സ്റ്റേഡിയത്തിൽ നാളെ പന്തുരുളും
|ലോകകപ്പ് 100 ദിന കൗണ്ട്ഡൗൺ പരിപാടികളുടെ ഭാഗമായുള്ള ആഘോഷ പരിപാടികൾക്ക് ഖത്തറിലെ വിവിധ മാളുകളിൽ നാളെ മുതൽ തുടക്കമാകും
ദോഹ: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിന് വേദിയാകുന്ന ലുസൈൽ സ്റ്റേഡിയത്തിൽ നാളെ പന്തുരുളും. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ അറബിയും അൽ റയാനും തമ്മിലാണ് മത്സരം. ലോകകപ്പ് നൂറുദിന കൗണ്ട്ഡൗണിനോട് അനുബന്ധിച്ചുള്ള പരിപാടികളും നാളെ തുടങ്ങും.
ലോകകപ്പ് ഫൈനൽ നടത്താൻ ഖത്തർ മനോഹരമായി അണിയിച്ചൊരുക്കിയ വേദിയാണ് ലുസൈൽ സ്റ്റേഡിയം. 80000 പേർക്ക് കളിയാസ്വദിക്കാവുന്ന പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്‌ബോൾ സ്റ്റേഡിയം. ലോകകപ്പിനൊരുക്കിയ 8 സ്റ്റേഡിയങ്ങളിൽ ഉദ്ഘാടനം ചെയ്യാത്ത ഏക വേദി കൂടിയാണിത്. പരമ്പരാഗത അറബ് പാനപാത്രത്തിൽ ഫനാർ റാന്തലിന്റെ വെളിച്ചവും നിഴലും വീഴുന്നതാണ് ലുസൈൽ സ്റ്റേഡിയത്തിന്റെ ഡിസൈൻ.
ആദ്യമായി പന്തുരുളുമ്പോൾ ക്യുഎസ്എൽ മത്സരത്തിനൊപ്പം മറ്റെന്തെങ്കിലും ആഘോഷ പരിപാടികൾ നടക്കുമോയെന്ന് സംഘാടകർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം ലോകകപ്പ് 100 ദിന കൗണ്ട്ഡൗൺ പരിപാടികളുടെ ഭാഗമായുള്ള ആഘോഷ പരിപാടികൾക്ക് ഖത്തറിലെ വിവിധ മാളുകളിൽ നാളെ മുതൽ തുടക്കമാകും. ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, വെൻഡോം മാൾ എന്നിവയാണ് വേദികൾ. ഡിഎഫ്‌സിയിലും വെൻഡോം മാളിലും ഉച്ചയ്ക്ക് 12 മണി മുതലും മാൾ ഓഫ് ഖത്തറിൽ ഒരു മണി മുതലും വിവിധ പരിപാടികൾ നടക്കും