Qatar
ഫിഫ അറബ് കപ്പ്: ദോഹയിൽ ശക്തമായ ട്രാഫിക് നിയന്ത്രണങ്ങൾ
Qatar

ഫിഫ അറബ് കപ്പ്: ദോഹയിൽ ശക്തമായ ട്രാഫിക് നിയന്ത്രണങ്ങൾ

Web Desk
|
4 Nov 2021 5:15 PM GMT

വാഹനഗതാഗതം ഒഴിവാക്കി പകരം ടൂര്‍ണമെന്‍റിന്‍റെ ഭാഗമായുള്ള വിവിധ ആഘോഷങ്ങള്‍ക്കായുള്ള നഗരിയായി കോര്‍ണീഷ് മാറും.

ഫിഫ അറബ് കപ്പ് ഫുട്ബോളിന്‍റെ പശ്ചാത്തലത്തില്‍ ദോഹയില്‍ ശക്തമായ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ നാല് വരെ കോര്‍ണീഷ് റോഡില്‍ വാഹന ഗതാഗതം അനുവദിക്കില്ല.

2022 ഫിഫ ലോകകപ്പിന്‍റെ തയ്യാറെടുപ്പെന്ന രീതിയില്‍ ഈ മാസാവസാനം ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബോളിന്‍റെ ഭാഗമായാണ് ഖത്തറില്‍ ശക്തമായ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നവംബര്‍ 30 നാണ് ചാംപ്യന്‍ഷിപ്പിന്‍റെ കിക്കോഫെങ്കിലും നവംബര്‍ 26 മുതല്‍ രാജ്യത്തെ പ്രധാന റോഡുകളിലൊന്നായ ദോഹ കോര്‍ണീഷ് പാത അടച്ചിടും.

റോഡിന്‍റെ ഇരുഭാഗങ്ങളും അടച്ച് ഗതാഗതം മറ്റ് വഴികളിലൂടെ തിരിച്ചുവിടും. ഈ ദിവസങ്ങളില്‍ ജനങ്ങള്‍ പരമാവധി മെട്രോയെയും കര്‍വ സര്‍വീസിനെയും ആശ്രയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗത പൊതുമരാമത്ത് മന്ത്രാലയങ്ങള്‍ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് എന്നിവരുടെ സഹകരണത്തോടെയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. വാഹനഗതാഗതം ഒഴിവാക്കി പകരം ടൂര്‍ണമെന്‍റിന്‍റെ ഭാഗമായുള്ള വിവിധ ആഘോഷങ്ങള്‍ക്കായുള്ള നഗരിയായി കോര്‍ണീഷ് മാറും.

പതിനൊന്നാമത് ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേളയാണ് കോര്‍ണീഷില്‍ നടക്കുന്ന പ്രധാന ചടങ്ങ്. അറബ് കപ്പിനെത്തുന്ന വിവിധ രാജ്യക്കാരായ കാണികള്‍ക്ക് ഫുഡ് ഫെസ്റ്റിവല്‍ രുചികരമായ ആസ്വാദനമൊരുക്കും. നവംബര്‍ മുപ്പത് മുതല്‍ ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ ഫിഫ അറബ് കപ്പ് നടക്കുക.

Similar Posts