Qatar
കുടിയിറക്കപ്പെട്ടവർക്കായി സിറിയയിൽ ഗ്രാമം   തന്നെ നിർമിക്കാനൊരുങ്ങി ഖത്തറും തുർക്കിയും
Qatar

കുടിയിറക്കപ്പെട്ടവർക്കായി സിറിയയിൽ ഗ്രാമം തന്നെ നിർമിക്കാനൊരുങ്ങി ഖത്തറും തുർക്കിയും

Web Desk
|
29 July 2022 12:11 PM GMT

രാഷ്ട്രീയ അരക്ഷിതാവസ്ഥയും ആക്രമണങ്ങളും മൂലം കുടിയിറക്കപ്പെട്ടവർക്കായി സിറിയയിൽ റസിഡൻഷ്യൽ വില്ലേജ് തന്നെ പണികഴിപ്പിക്കാനായി കൈകോർക്കുകയാണ് ഖത്തറിലെയും തുർക്കിയിലെയും ചില ഏജൻസികൾ.

വടക്കൻ സിറിയയിൽ 1,000 വീടുകൾ ഉൾക്കൊള്ളുന്ന ഗ്രാമം നിർമ്മിക്കാനായി ഇന്നലെയാണ് ദോഹയിൽ കരാർ ഒപ്പുവച്ചത്. ഖത്തർ റെഡ് ക്രസന്റും തുർക്കിയുടെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് പ്രസിഡൻസിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. സിറിയയിലെ അൽ-ബാബ് മേഖലയിലാണ് ഗ്രാമം നിർമിക്കുന്നത്. ഇതിനായി 3.5 മില്യൺ ഡോളറിന്റെ കരാറിലാണ് ഇന്നലെ ഇരുകൂട്ടരും ഒപ്പുവച്ചത്. ഗ്രാമത്തിൽ പള്ളി, സ്‌കൂൾ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവയെല്ലാമുണ്ടാകും.

നിലവിൽ താൽക്കാലിക ടെന്റുകളിൽ താമസിക്കുന്ന കുടിയിറക്കപ്പെട്ട സിറിയക്കാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് തുർക്കി ഏജൻസി തലവൻ യൂനുസ് സെസർ അനഡോലു പറഞ്ഞു.സിറിയൻ അഭയാർത്ഥികളെ സഹായിക്കുന്നതിലെ ഖത്തറിന്റെ നിർണായക പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു.

യുദ്ധം ആരംഭിച്ചതു മുതൽ തുർക്കിയിലെ വിവിധ സംഘടനകൾ സിറിയൻ ജനതയ്ക്കായി സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts