പന്തുരുളാൻ രണ്ട് നാളുകൾ കൂടി; ടീമുകൾ ഇന്ന് പരിശീലനത്തിനിറങ്ങും
|നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസ് അൽ സദ്ദ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി
ലോകകപ്പ് ഫുട്ബോളിൽ പന്തുരുളാൻ ഇനി രണ്ട് നാളുകൾ കൂടി. ഖത്തറിലെത്തിയ പ്രമുഖ ടീമുകളെല്ലാം ഇന്ന് പരിശീലനത്തിനിറങ്ങും. നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസ് ഇന്നലെ അൽ സദ്ദ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തി.
എംബാപ്പെയും ബെൻസീമയുമടക്കം സൂപ്പർ താരങ്ങൾ പരിശീലനത്തിനിറങ്ങിയിരുന്നു. ഖത്തറിലെത്തിയ ശേഷം ഫ്രഞ്ച് ടീമിന്റെ ആദ്യ പരിശീലന സെഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെയ്ലിയൻ എംബാപ്പെ, കരിം ബെൻസേമ, ഒളിവർ ജീറൂദ്, ആന്റൊയിൻ ഗ്രീസ്മാൻ, റാഫേൽ വരാനെ തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം ഗ്രൌണ്ടിലിറങ്ങി.
ആവേശകരമായ സ്വീകരണമാണ് അൽസദ്ദ് സ്റ്റേഡിയത്തിൽ ടീമിന് ലഭിച്ചത്. നിരവധി ആരാധകർ ഗ്രൌണ്ടിന് പുറത്ത് കാത്തു നിന്നിരുന്നെങ്കിലും കുറച്ചുപേർക്ക് മാത്രമാണ് പരിശീലനം കാണാൻ അവസരം ലഭിച്ചത്. ലോകകിരീടം നിലനിർത്താനുള്ള കരുത്ത് ടീമിനുണ്ടെന്ന് പരിശീലനത്തിന് തൊട്ടുമുമ്പ് മാധ്യമങ്ങളെ കണ്ട സൂപ്പർ താരം ഒലിവർ ജിറൂദ് പറഞ്ഞു.
മധ്യനിരയിൽ കാന്റെയുടെയും പോഗ്ബയുടെയും അസാന്നിധ്യമാണ് ഫ്രഞ്ച് ടീമിന് ചെറിയ ആശങ്കയുയർത്തുന്നത്. റയൽ മാഡ്രിഡിന്റെ കെമാവിങ്ക അടക്കമുള്ള യുവതാരങ്ങളെ വിന്യസിച്ചാകും ദിദിയെ ദെഷാംപ്സ് ടീമിനെ ഒരുക്കുക. ഏറ്റവും ഒടുവിൽ പ്രിസ്നൽ കിംപെംബയ്ക്കും പരുക്കേറ്റതോടെ യുവതാരം മാർക്കസ് തുറാമിനെയാണ് കോച്ച് കൂടെക്കൂട്ടിയിരിക്കുന്നത്.