തുടരെ രണ്ട് ചുവപ്പ് കാർഡുകൾ; ഇഗോർ സ്റ്റിമാച്ച് വേറെ 'ലെവൽ'
|സാഫ് ടൂർണമെന്റിലെ പാകിസ്താനെതരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തിലും സ്റ്റിമാച്ച് ചുവപ്പ് കാർഡ് കാണേണ്ടി വന്നു.
ബംഗളൂരു: സാഫ് കപ്പില്‍ തുടർച്ചയായ രണ്ടാം ചുവപ്പ് കാർഡാണ് ഇന്ത്യൻ ഫുട്‌ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് കാണേണ്ടി വന്നത്. ഇതാദ്യമായണ് ഒരു ഇന്ത്യൻ ഫുട്‌ബോൾ പരിശീലകൻ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് പുറത്തുപോകേണ്ടി വരുന്നത്. കുവൈത്തിനെതിരെയുള്ള മത്സരത്തിൽ റഫറിയിങിൽ സ്റ്റിമാച്ച് അതൃപ്തി പ്രകടമാക്കുന്നത് കാണാമായിരുന്നു.
മാച്ച് ഒഫീഷ്യൽസ് സ്റ്റിമാച്ചിന് പലവട്ടം മുന്നറിയിപ്പും നൽകി. ഒരു മഞ്ഞക്കാര്‍ഡും ലഭിച്ചു. ഇതും കഴിഞ്ഞ് 81ാം മിനുറ്റിലാണ് റഫറിക്ക് ചുവപ്പ് കാർഡ് എടുക്കേണ്ടി വന്നത്. ആ സമയം ഇന്ത്യയായിരുന്നു മുന്നിട്ട് നിന്നിരുന്നത്(1-0). പാകിസ്താനെതരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തിലും സ്റ്റിമാച്ചിന് ചുവപ്പ് കാർഡ് കാണേണ്ടി വന്നു. പാക് കളിക്കാരനിൽ നിന്ന് പന്ത് പിടിച്ചുവാങ്ങിയതിനായിരുന്നു ചുവപ്പ് കാർഡ്.
അന്ന് മറ്റൊന്നും ആലോചിക്കാതെ റഫറിക്ക് കാർഡ് ഉയർത്തേണ്ടി വന്നു. മത്സരം നേരിയ തോതിൽ കയ്യാങ്കളിയിലേക്കും എത്തിയിരുന്നു. അതോടെ നേപ്പാളിനെതിരായ രണ്ടാം മത്സരത്തിൽ സ്റ്റിമാച്ചിന് പുറത്തിരിക്കേണ്ടി വന്നു.
അതേസമയം കുവൈത്തിനെതിരായ മത്സരത്തില്‍ വേറെ രണ്ട് ചുവപ്പ് കാർഡുകള്‍ കൂടി റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു. ഇന്ത്യയുടെ റഹീം അലിയും കുവൈത്തിന്റെ ഹമദ് അൽ ഖല്ലാഫുമാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. മത്സരത്തിന്റെ അവസാന ഭാഗത്ത് എത്തിയപ്പോഴായിരുന്നു റെഡ് കാർഡുകൾ. ഒരു മത്സരത്തിൽ പുറത്തിരിക്കേണ്ടി വരുന്നതിനാൽ ലെബനാനെതിരായ സെമിയിലും സ്റ്റിമാച്ചിന്റെ സേവവും ഇന്ത്യക്ക് നഷ്ടമാകും. നേരത്തെ ടിക്കറ്റ് ഉറപ്പിച്ചതിനാൽ കുവൈത്തിനെതിരായ മത്സരം ഇന്ത്യയുടെ സെമി സാധ്യതകളെ ബാധിക്കില്ലായിരുന്നു. എന്നാൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ത്യക്ക് ജയം വേണമായിരുന്നു. അങ്ങനെ വന്നാൽ താരതമ്മ്യേന ദുർബലായ ബംഗ്ലാദേശ് ആയിരുന്നേനെ ഇന്ത്യയുടെ എതിരാളി.