അഫ്ഗാന്‍ വിഷയത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ദോഹയില്‍ വിളിച്ച പ്രത്യേക യോഗം സമാപിച്ചു
|അഫ്ഗാന്‍ വിഷയത്തില്‍ തുടക്കം മുതല്‍ മധ്യസ്ഥത വഹിച്ച രാജ്യമെന്ന നിലയ്ക്കാണ് ഖത്തറില്‍ യുഎന്‍ പ്രത്യേക യോഗം വിളിച്ചത്
അഫ്ഗാന്‍ വിഷയത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ദോഹയില്‍ വിളിച്ച പ്രത്യേക യോഗം സമാപിച്ചു. കടുത്ത പ്രതിസന്ധിയാണ് അഫ്ഗാനിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നതെന്ന് യോഗം വിലയിരുത്തി. അതേ സമയം മനുഷ്യാവകാശങ്ങള്‍ക്ക് നേരെയുള്ള ഭരണകൂട അടിച്ചമര്‍ത്തലുകള്‍ നോക്കിനില്‍ക്കില്ലെന്നും യുഎന്‍ വ്യക്തമാക്കി.
"താലിബാന്‍ ഭരണമേറ്റെടുത്ത ശേഷം കടുത്ത പ്രതിസന്ധിയിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ കടന്നുപോകുന്നത്. രാജ്യത്ത് 97 ശതമാനം ജനങ്ങളും ദാരിദ്ര്യം അനുഭവിക്കുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ 4.6 ബില്യണ്‍ ഡോളര്‍ ആവശ്യമാണ്". എന്നാല്‍ ഇതിന്റെ പത്ത് ശതമാനം പോലും കണ്ടെത്താനായിട്ടില്ലെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. "ഫണ്ട് മാത്രമല്ല പ്രശ്നം, രാജ്യത്തെ മനുഷ്യാവകാശങ്ങളും പ്രധാന പരിഗണനയാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ നിരന്തരം ഹനിക്കുന്നത് അംഗീകരിക്കാനാവില്ല". അഫ്ഗാന്‍ ജനതയ്ക്കൊപ്പം അന്താരാഷ്ട്ര സമൂഹം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള പ്രബലശക്തികള്‍ രണ്ട് ദിവസത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. അഫ്ഗാന്‍ വിഷയത്തില്‍ തുടക്കം മുതല്‍ മധ്യസ്ഥത വഹിച്ച രാജ്യമെന്ന നിലയ്ക്കാണ് ഖത്തറില്‍ യുഎന്‍ പ്രത്യേക യോഗം വിളിച്ചത്