ഇന്ത്യയുള്‍പ്പെടെ റെഡ്ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ഇളവ്
|ദോഹ വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കേണ്ട നിര്‍ബന്ധിത ആര്‍ടിപിസിആര്‍ ടെസ്റ്റ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലേക്ക് മാറ്റും. ദോഹയിലിറങ്ങിയതിനുശേഷം 36 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിയമം
ഇന്ത്യയുള്‍പ്പെടെ റെഡ്ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ദോഹ വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കേണ്ട നിര്‍ബന്ധിത ആര്‍ടിപിസിആര്‍ ടെസ്റ്റ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലേക്ക് മാറ്റുന്നു. ദോഹയിലിറങ്ങിയതിനുശേഷം 36 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിയമം.
റെഡ്‍ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ ദോഹ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിനുശേഷം മാത്രമേ പുറത്തുകടക്കാവൂ എന്നതായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇതിനായി ടെസ്റ്റ് സൗകര്യം എയര്‍പോര്‍ട്ടിനകത്ത് തന്നെ സജ്ജീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നുമായി ദോഹയിലെത്തുന്നവരോട് അവരുടെ താമസകേന്ദ്രങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെത്തി ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകാണ് ചെയ്യുന്നത്. ഇതിനായി പ്രത്യേക സ്റ്റിക്കര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരുടെ രേഖകള്‍ക്കുമേല്‍ പതിച്ചുനല്‍കുകയും ചെയ്തു.
ദോഹയിലിറങ്ങി 36 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്നാണ് നിര്‍ദേശം. വിമാനത്താവളത്തിലെത്തുന്ന മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ ഇതിന്‍റെ ഭാഗമായി പിഎച്ച്സിസികള്‍ക്ക് കൈമാറുന്നുണ്ട്. പെരുന്നാള്‍ അവധി ദിനമായതിനാല്‍ നിലവില്‍ 18 പിഎച്ച്സിസികളിലാണ് ഇതിനുള്ള സൗകര്യമുള്ളത്. ജൂലൈ 26നുശേഷം 27 കേന്ദ്രങ്ങളില്‍ സൗകര്യമുണ്ടാകും. 300 ഖത്തരി റിയാലാണ് ടെസ്റ്റിനുള്ള ഫീസ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ടെസ്റ്റ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്താത്തവരുടെ പേരുകള്‍ അധികൃതര്‍ക്ക് കൈമാറാനും പിഎച്ച്സിസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.