അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഖത്തറിലെത്തും
|പ്രധാനമന്ത്രിയുമായി ഗസ്സ വിഷയത്തില്‍ അദ്ദേഹം ചര്‍ച്ച നടത്തും
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഖത്തറിലെത്തും. ഖത്തര്‍ പ്രധാനമന്ത്രിയുമായി ഗസ്സ വിഷയത്തില്‍ അദ്ദേഹം ചര്‍ച്ച നടത്തും. സൌദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങളിലും ബ്ലിങ്കന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
ഗസ്സയ്ക്കുമേല്‍ ഇസ്രായേല്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഖത്തറിലെത്തുന്ന അദ്ദേഹം ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുമായി ഗസ്സ വിഷയം ചര്‍ച്ച ചെയ്യും.
വൈകിട്ട് അമീരി ദിവാനിയില്‍ ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെയും കാണുന്നുണ്ട്. ഗസ്സയിലേക്ക് മാനുഷിക ഇടനാഴി തുറക്കണമെന്ന് കഴിഞ്ഞ ദിവസം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ആവശ്യപ്പെട്ടിരുന്നു.
ഈജിപ്തും ഫലസ്തീനും സന്ദര്‍ശിച്ച ശേഷമാണ് ആന്റണി ബ്ലിങ്കന്‍ ഖത്തറിലെത്തുക. സൌദി അറേബ്യ, യുഎഇ, ജോര്‍ദന്‍ രാജ്യങ്ങളും സന്ദര്‍ശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് അറിയിച്ചു. ഇന്നലെ ഇസ്രായേല്‍ സന്ദര്‍ശിച്ച ആന്റണി ബ്ലിങ്കന്‍ ഇസ്രായേലിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.