ഇന്ത്യൻ ഫുട്‌ബോൾ ടീമിന് ആത്മവിശ്വാസം പകരാൻ മുൻ സെർബിയൻ താരം ബോറ മിലുറ്റിനോവിച്ച്
|ദോഹയില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലേക്ക് അപ്രതീക്ഷിത അതിഥിയായാണ് ബോറയെത്തിയത്
ദോഹ: ഏഷ്യൻകപ്പ് ഫുട്ബാേൾ പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം പകരാന്‍ മുന്‍ സെര്‍ബിയന്‍ താരം ബോറ മിലുറ്റിനോവിച്ചെത്തി. കഴിഞ്ഞ ദിവസമാണ് ബോറ ദോഹയിലെ ടീം ട്രെയിനിങ് സെന്ററിലെത്തി കളിക്കാർക്കൊപ്പം സമയം ചിലവഴിച്ചത്.
ദോഹയില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലേക്ക് അപ്രതീക്ഷിത അതിഥിയായാണ് ബോറയെത്തിയത്. അഞ്ചു ലോകകപ്പുകളിൽ പരിശീലകനായി പങ്കാളിത്തം വഹിച്ച റെക്കോഡുള്ള കോച്ച് കൂടിയാണ് ഇദ്ദേഹം. 1986ൽ ആതിഥേയരായ മെക്സികോയുടെയും 1990ൽ കോസ്റ്ററീക്ക, 1994ൽ അമേരിക്ക, 1998ൽ നൈജീരിയ, 2002ൽ ചൈന ടീമുകളുടെ പരിശീലകനായിരുന്നു ഇദ്ദേഹം.
പഴയ യൂഗോസ്ലാവിയയിൽ ജനിച്ച 79കാരൻ 1976 വരെ ക്ലബ് ഫുട്ബോളിൽ സജീവമായിരുന്നു. പിന്നീട് കോച്ചിങ് കരിയർ തുടങ്ങിയതോടെ രാജ്യാന്തര ഫുട്ബോളിൽ ഏറെ ആദരിക്കപ്പെടുന്ന പേരായി മാറി. പത്തോളം ദേശീയ ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചു.
ഇന്ത്യൻ ടീം അംഗങ്ങൾക്ക് ആശംസ നേർന്നും, പരിശീലകരുമായും കളിക്കാരുമായും ആശയ വിനിമയം നടത്തിയുമാണ് ബോറ മടങ്ങിയത്. അന്താരാഷ്ട്ര ഫുട്ബാേളിലെ ശ്രദ്ധേയ വ്യക്തിത്വത്തിന്റെ സാന്നിധ്യത്തെ ഇന്ത്യൻ ടീം അംഗങ്ങളും പ്രശംസിച്ചു.