മൃഗങ്ങൾക്കും ക്വാറൻ്റൈൻ കേന്ദ്രവുമായി ഖത്തർ
|മിസൈദിലെ ഹമദ് തുറമുഖം, അല്‍ റുവൈസ് തുറമുഖങ്ങളുടെ സമീപങ്ങളിലായാണ് ക്വാറന്റൈന് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്
ഇറക്കുമതി ചെയ്യുന്ന മൃഗങ്ങളെയും പക്ഷികളെയും ക്വാറന്റൈന് ചെയ്യുന്നതിനായി ഖത്തറില്‍ കൂറ്റന്‍ വെറ്ററിനറി ക്വാറന്റൈന് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നു. ഹമദ്, അല്‍ റുവൈസ് തുറമുഖങ്ങള്‍ക്ക് സമീപമുയരുന്ന കേന്ദ്രങ്ങളുടെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വെറ്ററിനറി ക്വാറന്റൈന് കേന്ദ്രങ്ങളാണ് ഖത്തറില്‍ നിര്‍മ്മിക്കുന്നത്. മിസൈദിലെ ഹമദ് തുറമുഖം, അല്‍ റുവൈസ് തുറമുഖങ്ങളുടെ സമീപങ്ങളിലായാണ് ക്വാറന്റൈന് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കന്നുകാലികളുള്‍പ്പെടെയുള്ള മൃഗങ്ങളെ തുറമുഖത്ത് വെച്ചു തന്നെ പരിശോധിച്ച് ആരോഗ്യാവസ്ഥയും ഗുണമേന്മയും ഉറപ്പുവരുത്താന്‍ ഇത്തരം കേന്ദ്രങ്ങൾ ഉപകരിക്കും. അറവുശാലകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഈ കേന്ദ്രങ്ങളിലുണ്ടാകും. ഹമദ് തുറമുഖത്ത് സ്ഥാപിക്കുന്ന കേന്ദ്രത്തില്‍ 40000 ആടുകള്‍, 2000 ഒട്ടകങ്ങള്‍, 4000 പശുക്കള്‍ എന്നിവയെ ഒരേ സമയം പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളുണ്ടാകും. റുവൈസ് തുറമുഖത്തെ കേന്ദ്രത്തില്‍ 16000 ആടുകള്‍, 1600 ഒട്ടകങ്ങള്‍, 2600 പശുക്കള്‍, എന്നിവയെ ഒരേ സമയം പാര്‍പ്പിക്കാനാകും.
അടിയന്തിര ചികിത്സാവിഭാഗം, വെറ്ററിനറി ലബോറട്ടറി, സ്റ്റോറേജ് സംവിധാനം തുടങ്ങിയവയും കേന്ദ്രങ്ങളിലുണ്ടാകും. നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടു കൂടി സജ്ജീകരിക്കുന്ന വെറ്ററിനറി ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളിൽ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.