ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഖത്തർ സന്ദർശനം തുടരുന്നു
|ഖത്തർ നാഷണൽ മ്യൂസിയത്തിലും ഉപരാഷ്ട്രപതിയും സംഘവും സന്ദർശിച്ചു
ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഖത്തർ സന്ദർശനം തുടരുന്നു. ശൂറ കൌൺസിൽ സ്പീക്കറുമായി അദ്ദേഹം ചർച്ച നടത്തി. ഇന്ത്യ- ഖത്തർ ബിസിനസ് ഫോറത്തിലും വെങ്കയ്യനായിഡു പങ്കെടുത്തു. സന്ദർശനം പൂർത്തിയാക്കി നാളെ ഇന്ത്യയിലേക്ക് മടങ്ങും.
ഇന്ന് രാവിലെയാണ് ഖത്തർ ശൂറ കൌൺസിൽ സ്പീക്കർ ശൈഖ് ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമുമായി ഉപരാഷ്ട്രപതി ചർച്ച നടത്തിയത്. ഇരുരാജ്യങ്ങളിലെ പാർലമെന്ററി കാര്യങ്ങളിൽ സഹകരണം ഊഷ്മളമാക്കുന്നത് കൂടിക്കാഴ്ചയിൽ ചർച്ചയായി. ഖത്തർ നാഷണൽ മ്യൂസിയത്തിലും ഉപരാഷ്ട്രപതിയും സംഘവും സന്ദർശിച്ചു. ഇന്ത്യയിൽ നിന്നുള്ള മുത്തുകൊണ്ടുള്ള കാർപ്പെറ്റ് ഉൾപ്പെടെ മ്യൂസിയത്തിലെ കാഴ്ചകൾ ഖത്തർ മ്യൂസിയം അധ്യക്ഷ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി വിശദീകരിച്ചുനൽകി.
വൈകിട്ട് ഇന്ത്യൻ കമ്യൂണിറ്റി ഉപരാഷ്ട്രപതിക്ക് സ്വീകരണം ഒരുക്കിയിരുന്നു. ഇന്നലെ ഇന്ത്യ- ഖത്തർ ബിസിനസ് ഫോറത്തിലും അദ്ദേഹം പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും സ്റ്റാർട്ടപ്പ് സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ബ്രിഡ്ജും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്തു.