മോൺസൺ കേസിൽ ഇരകൾ കബളിപ്പിക്കപ്പെടുകയാണെന്ന് പരാതിക്കാരന്റെ സഹോദരൻ
|നീതി ലഭ്യമാക്കുന്നതിന് പകരം രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കി കേസിനെ മാറ്റുകയാണെന്നു സിദ്ദീഖ് പുറായിൽ
ദോഹ: മോൺസൺ മാവുങ്കൽ കേസിൽ ഇരകൾ കബളിപ്പിക്കപ്പെടുകയാണെന്ന് പരാതിക്കാരന്റെ സഹോദരനും ഖത്തറിലെ പ്രവാസി വ്യവസായിയുമായ സിദ്ദീഖ് പുറായിൽ. പണം നഷ്ടമായവർക്ക് നീതി ലഭ്യമാക്കുന്നതിന് പകരം രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കി കേസിനെ മാറ്റുകയാണെന്നും അദ്ദേഹം ദോഹയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മോൻസൺ മാവുങ്കൽ കേസിൽ ഇപ്പോൾ നടക്കുന്നത്. കെ. സുധാകരനെതിരായ രാഷ്ട്രീയ നീക്കങ്ങളാണ്. പരാതിക്കാരുടെ പണം തിരിച്ചുകിട്ടാനോ നീതി ഉറപ്പാക്കാനോ ശ്രമം നടക്കുന്നില്ലെന്ന് മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയ യാക്കൂബ് പുറായിലിന്റെ സഹോദരൻ കൂടിയായ സിദ്ദീഖ് പുറായിൽ പറഞ്ഞു.
കെ. സുധാകരൻ പത്ത് ലക്ഷം രൂപക്കുവേണ്ടി മോൺസൺ മാവുങ്കലിന്റെ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നും ഖത്തർ ഇൻകാസ് നേതാവും ഒ.ഐ.സി.സി ഇൻകാസ് അഡൈ്വസറി ബോർഡ് ചെയർമാനും കൂടിയായ സിദ്ദീഖ് പുറായിൽ പറഞ്ഞു.
മോൺസൺ മാവുങ്കലുമായി നേരിട്ട് യാതൊരു ഇടപാടും നടത്തിയിട്ടില്ല. പണം നൽകിയത് സഹോദരനായ യാക്കൂബ് പുറായിലിനും പരാതിക്കാരിൽ ഒരാളായ ഷമീറിനുമാണ്. ഇതിന് കരാറും ചെക്കും ഒപ്പിട്ടുവാങ്ങിയിട്ടുണ്ട്. ഖത്തർ ഇൻകാസിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കെ. സുധകരനുമായി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെങ്കിലും മോൺസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ഒന്നും ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.