ലോകത്തിലെ ഏറ്റവും വലിയ സബ് സീ കേബിള്‍ പദ്ധതിയുമായി വോഡഫോണ്‍ ഖത്തര്‍
|വോഡഫോണ്‍ ഖത്തര്‍ 4.277 ബില്യണ്‍ റിയാല്‍ മൂലധനവുമായി 2009ലാണ് രാജ്യത്ത് ബിസിനസ് ആരംഭിച്ചത്
ലോകത്തിലെ ഏറ്റവും വലിയ സബ്സീ കേബിള്‍ സ്റ്റേഷന് ഖത്തറില്‍ ഒരുങ്ങുന്നു. ഖത്തറിനെ അന്താരാഷ്ട്ര സബ് സീ കേബിള്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചതായി വോഡഫോണ്‍ ഖത്തറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് സൗദി ടെലികോം കമ്പനി(എസ്ടിസി)യുമായി 20 വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചതായി കമ്പനി അറിയിച്ചു.
വോഡഫോണ്‍ സ്വന്തം നിലയ്ക്ക് സബ്സീ കേബിള്‍ സ്റ്റേഷന് നിര്‍മ്മിച്ച് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുമെന്നാണ് കരാറിലെ ധാരണ. ഇതിലൂടെ ഖത്തര്‍ ഒരു മള്‍ട്ടി-റീജിയണല്‍ പ്രോജക്ടിന്റെ ഭാഗമാക്കും. ഇത് ആഗോള ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ വിശാല അവസരങ്ങള്‍ തുറക്കുകയും ചെയ്യും.
ഖത്തറിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ ശേഷിയും ഗുണനിലവാരവും ലഭ്യതയും വര്‍ദ്ധിപ്പിക്കുകയും രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് തന്നെ വലിയ സംഭാവന നല്‍കുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് വോഡഫോണ്‍ ഖത്തര്‍ സിഇഒ ഷെയ്ഖ് ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍താനി അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ശക്തമായ ആശയവിനിമയ ഇന്‍ഫ്രാസ്ട്രക്ചര്‍ വഴി ഖത്തറിനെ ഒരു ആഗോള ഹബ്ബാക്കി മാറ്റാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതായി വികസിപ്പിച്ച സംവിധാനത്തിലൂടെ ഉപഭോക്തൃ സേവനങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന കൂടുതല്‍ മേഖലകളിലേക്ക് സഹായമെത്തിക്കാന്‍ സാധിക്കും.
ആഗോള ജനസംഖ്യയുടെ 36%ത്തെ പ്രതിനിധീകരിക്കുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേയും മിഡില്‍ ഈസ്റ്റ് മേഖലയിലേയും ഏകദേശം 3 ബില്യണ്‍ ആളുകള്‍ക്ക് ഈ ആഗോള പദ്ധതി വഴി സേവനം ലഭ്യമാകും.
2Africa PEARLS branch എന്ന പേരില്‍ അറിയപ്പെടുന്ന നെറ്റ്വര്‍ക്കിന്റെ പുതിയ സെഗ്മെന്റ് അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യ, പാകിസ്ഥാന് എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ വിപുലീകരണത്തിലൂടെ '2 ആഫ്രിക്ക കേബിള്‍ സിസ്റ്റ'ത്തിന്റെ നീളം 45,000 കിലോമീറ്ററിലധികമായി വര്‍ധിപ്പിക്കും.
അത്യാധുനിക ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ അന്തര്‍വാഹിനി കേബിള്‍ സംവിധാനങ്ങള്‍ ഭൂഖണ്ഡങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ, വേഗത്തിലുള്ള ആഗോള ഡിജിറ്റല്‍ ഡാറ്റാ കൈമാറ്റം സാധ്യമാക്കും. ഉപഗ്രഹങ്ങളേക്കാള്‍ കൂടുതല്‍ ഡാറ്റാ ശേഷിയും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഖത്തറില പൊതു ഓഹരി ഉടമയായ വോഡഫോണ്‍ ഖത്തര്‍ 4.277 ബില്യണ്‍ റിയാല്‍ മൂലധനവുമായി 2009ലാണ് രാജ്യത്ത് ബിസിനസ് ആരംഭിച്ചത്.