Qatar
ലുസൈലില്‍ മുഴങ്ങുമോ ചക് ദേ ഇന്ത്യ?
Qatar

ലുസൈലില്‍ മുഴങ്ങുമോ ചക് ദേ ഇന്ത്യ?

ijas
|
30 Oct 2022 9:14 AM GMT

ലോകകപ്പിന്‍റെ അവസാനവട്ട ട്രയല്‍ എന്ന രീതിയിലാണ് നവംബര്‍ നാലിന് ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ നടക്കുന്നത്

ദോഹ: ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനല്‍ മത്സരം നടക്കുന്ന വേദിയാണ് ലുസൈല്‍ സ്റ്റേഡിയം. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയമായ ഇവിടെയാണ് ലോകകപ്പിന്‍റെ അവസാനവട്ട ട്രയല്‍ എന്ന രീതിയില്‍ നവംബര്‍ നാലിന് ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ നടക്കുന്നത്. സുനിധി ചൗഹാന്‍, സലിം-സുലൈമാന്‍, റാഹത്ത് ഫത്തേ അലിഖാന്‍ തുടങ്ങിയ വന്‍ താരനിരയാണ് പരിപാടിക്കെത്തുന്നത്. സലിം-സുലൈമാന്‍ സഹോദരങ്ങള്‍ ലുസൈല്‍ പോലെ വലിയ കായിക വേദിയിലെത്തുമ്പോള്‍ ഇന്ത്യന്‍ കായികാരാധകരുടെ ആവേശമായ 'ചക് ദേ ഇന്ത്യ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം മുഴങ്ങുമോ എന്നാണ് സംഗീതാസ്വാദകരും കായിക പ്രേമികളും ഉറ്റുനോക്കുന്നത്.

ഷാരൂഖ് നായകായി 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ചക് ദേ ഇന്ത്യ'. സലിം-സുലൈമാന്‍ സഹോദരങ്ങള്‍ ഒരുക്കി സിനിമയിലെ 'ചക് ദേ ഇന്ത്യ' എന്ന ഗാനം പിന്നീട് ഇന്ത്യയുടെ കായിക വിജയങ്ങളില്‍ സ്ഥിരമായി മുഴങ്ങികൊണ്ടിരുന്നു. കഴിഞ്ഞ ദിവസം വിരാട് കോഹ്ലിയുടെ മിന്നുന്ന പ്രകടനത്തിന്‍റെ കരുത്തില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചപ്പോള്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും 'ചക് ദേ ഇന്ത്യ' മുഴങ്ങിയിരുന്നു. ഇന്ത്യയുടെ വിജയത്തോടൊപ്പം 'ചക് ദേ ഇന്ത്യ' ഗാനം കേട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ ട്വീറ്റ് സലിം മെര്‍ച്ചന്‍റ് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. 'ചക് ദേ ഇന്ത്യ' കാലാതീതമായ ഒരു വികാരമാണെന്നും അത് എക്കാലത്തും നമ്മുടെ ഹൃദയത്തില്‍ പ്രതിധ്വനിക്കുമെന്നുമാണ് സലിം മെര്‍ച്ചന്‍റ് ട്വീറ്റ് ചെയ്തത്.

ലുസൈലിലെ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സലിം മെര്‍ച്ചന്‍റിന്‍റെ ട്വീറ്റ് ആരാധകരില്‍ വലിയ ആകാംക്ഷയുണ്ടാക്കിയിട്ടുണ്ട്. ലോക ഫുട്ബോളിന്‍റെ മഹാവേദിയില്‍ പന്ത് തട്ടാന്‍ ഇന്ത്യയില്ലെങ്കിലും മുഴുവന്‍ ഇന്ത്യക്കാരെയും ആവേശം കൊള്ളിക്കുന്ന 'ചക് ദേ ഇന്ത്യ' ലുസൈലിലെ മനോഹര വേദിയില്‍ മുഴങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Similar Posts