നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങളോടെ ഓട്ടോമാറ്റിക് സേവനവുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം
|കമ്പനി ലൈസൻസും വാണിജ്യ രജിസ്ട്രേഷനും പുതുക്കിയാൽ ഇനി കമ്പ്യൂട്ടർ കാർഡ് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും
ദോഹ: നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങളുമായി ഓട്ടോമാറ്റിക് സേവനവുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. കമ്പനി ലൈസൻസും വാണിജ്യ രജിസ്ട്രേഷനും പുതുക്കിയാൽ ഇനി കമ്പ്യൂട്ടർ കാർഡ് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും. ഒരു കമ്പനിയിൽ സൈനിങ് അതോറിറ്റിയുടെ ഉടമസ്ഥരുടെ വിവരങ്ങൾ കാണിക്കുന്ന സംവിധാനമാണ്കമ്പ്യൂട്ടർ കാർഡ്. നേരത്തെ ഈ കാർഡ് അഥവാ എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ പ്രത്യേകം അപേക്ഷിക്കണമായിരുന്നു.
വാണിജ്യ വ്യവസായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് പുതിയ ഏകജാലക സംവിധാനം തുടങ്ങിയത്. കമ്പനി ലൈസൻസും വാണിജ്യ രജിസ്ട്രേഷനും (സി.ആർ) പുതുക്കുന്നതോടെ കമ്പനി കമ്പ്യൂട്ടർ കാർഡ് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും. രാജ്യത്തെ സംരംഭകർക്കും കമ്പനികൾക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സേവനം. ബലദിയയും സി.ആറും പുതുക്കിക്കഴിയുന്നതോടെ മെട്രാഷ് ആപ്ലിക്കേഷൻ വഴി കമ്പനി കാർഡ് ആക്‌സസ് ചെയ്യാം. നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഫീസുകളിൽ ഗണ്യമായ കുറവ് വരുത്തിയിരുന്നു.