ലോകകപ്പ് ഫുട്ബോൾ; അവസാനവട്ട ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
|ഒക്ടോബറിൽ ഫിഫ ടിക്കറ്റിങ് ആപ്പ് പുറത്തിറക്കും
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ അവസാനവട്ട ടിക്കറ്റ് വിൽപ്പന തുടങ്ങി. ഫൈനൽ മത്സരം നടക്കുന്ന ഡിസംബർ 18 വരെ ടിക്കറ്റ് വിൽപ്പന തുടരുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. ഖത്തർ സമയം ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതലാണ് ടിക്കറ്റ് വിൽപ്പന തുടങ്ങിയത്. ഫിഫ വെബ്സൈറ്റ് വഴിയാണ് വിൽപ്പന. ഇത്തവണയും ആരാധകരിൽനിന്ന് വലിയ പ്രതികരണം ഉണ്ടായതിനാൽ സൈറ്റിലേക്ക് പ്രവേശിക്കാൻ ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. നാല് കാറ്റഗറിയിലുമുള്ള ടിക്കറ്റുകൾ ലഭ്യമാണ്.
അതേ സമയം ഖത്തർ ലോകകപ്പ് ടിക്കറ്റുകളെല്ലാം മൊബൈൽ ടിക്കറ്റുകളാക്കി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഫിഫ. ഇതിനായി ഒക്ടോബർ രണ്ടാം പകുതിക്ക് മുമ്പ്, ഫിഫ ടിക്കറ്റിങ് ആപ്പ് പുറത്തിറക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ ടിക്കറ്റുകൾ ഇതിൽനിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ കൈപറ്റിയ ടിക്കറ്റുകൾ ഈ ആപ്പിലേക്ക് അപ്ലോഡ് ചെയ്താണ് മൊബൈൽ ടിക്കറ്റുകൾ ലഭ്യമാക്കുക. ടിക്കറ്റിങ് ആപ്പിന് പുറമേ, എല്ലാവരും ഒരു ഡിജിറ്റൽ ഹയ്യാ കാർഡിനായും അപേക്ഷിക്കണം.