ലോകകപ്പ് ഒരുക്കങ്ങൾ; ഖത്തറിന്റെ പ്രയത്‌നത്തെ അഭിനന്ദിച്ച് ഐ.എം വിജയൻ
|ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ പ്രയത്‌നത്തെ അഭിനന്ദിക്കണമെന്ന് ഐ.എം വിജയൻ ദോഹയിൽ അഭിപ്രായപ്പെട്ടു. കോംപാക്ട് ലോകകപ്പ് കളിക്കാർക്ക് ഗുണം ചെയ്യുമെന്നും ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം പറഞ്ഞു. യാത്ര കുറയുന്നത് കളിയിൽ പ്രതിഫലിക്കും. കഴിഞ്ഞ അഞ്ച് ലോകകപ്പുകൾ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി 75 കിലോമീറ്ററിനുള്ളിലാണ് ഖത്തർ ലോകകപ്പിൽ പന്തുരുളുന്ന 8 വേദികളുമുള്ളത്. ഇത് കളിക്കാർക്ക് ഏറെ ഗുണം ചെയ്യും. മികച്ച സംവിധാനങ്ങളാണ് ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിൽ ഫുട്‌ബോളുണ്ടെന്ന് ലോകത്തെ അറിയിക്കാൻ ഐ.എസ്.എൽ വഴി സാധിച്ചുവെന്നും ഇന്ത്യൻ ഫുട്‌ബോളും പ്രൊഫഷണലായിക്കൊണ്ടിരിക്കുകയാണെന്നും വിജയൻ പറഞ്ഞു. പി.ടി ഉഷയുടെ രാജ്യസഭാ സ്ഥാനാർഥിത്വത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല, ഒരു കായിക താരത്തിന് കിട്ടിയ അംഗീകാരമായാണ് ഇതിനെ കാണേണ്ടതെന്നും കക്ഷിരാഷ്ട്രീയം മനസിൽ മതിയെന്നും വിജയൻ അഭിപ്രായപ്പെട്ടു.