ലോകകപ്പ്: താൽക്കാലിക കോൺസുലേറ്റ് തുറക്കാൻ അനുവദിക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം തള്ളി ഖത്തർ
|ലോകകപ്പ് കാണാൻ ഇസ്രായേൽ പൗരന്മാർക്കും ഖത്തറിലെത്താവുന്നതാണ്
ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറിൽ താൽക്കാലിക കോൺസുലേറ്റ് തുറക്കാൻ അനുവദിക്കണമെന്ന് ഇസ്രായേലിന്റെ ആവശ്യം തള്ളി ഖത്തർ. ലോകകപ്പിനെത്തുന്ന പൗരന്മാർക്ക് സേവനങ്ങൾ ലഭ്യമാക്കാൻ കോൺസുലേറ്റ് വേണമെന്ന ആവശ്യം ഖത്തർ നിരസിച്ചതായി പ്രാദേശിക അറബ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതു സംബന്ധിച്ച് നയതന്ത്രതലത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ഖത്തറുമായി ഔദ്യോഗിക ചർച്ച നടത്തിയിട്ടില്ലെന്നാണ് ഇസ്രായേൽ മാധ്യമങ്ങളുടെ വാദം. ഫിഫ വഴി ഇസ്രായേൽ സമീപിച്ചതായും നിർദേശം ഖത്തർ തള്ളിയതായും 'അൽ അറബി അൽ ജദീദ്' റിപ്പോർട്ട് ചെയ്തു.
ലോകകപ്പ് കാണാൻ ഖത്തർ നിർദേശിച്ച മാർഗങ്ങളിലൂടെ ഇസ്രായേൽ പൗരന്മാർക്കും ഖത്തറിലെത്താവുന്നതാണ്. മാച്ച് ടിക്കറ്റുള്ള എല്ലാവർക്കും ഹയാ കാർഡ് വഴിയാണ് ഖത്തറിലേക്ക് പ്രവേശനം. ലോകകപ്പിന് ഇസ്രായേൽ യോഗ്യത നേടിയിട്ടില്ലെങ്കിലും നിരവധി ഫുട്ബാൾ ആരാധകർ കളി കാണാൻ എത്തിയേക്കും. 2008ലെ ഗസ്സ ആക്രമണത്തിനു പിന്നാലെയാണ് ഖത്തർ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്. അന്ത്രാഷ്ട്ര വേദികളിൽ ഇസ്രായേലിന്റെ അധിനിവേശങ്ങൾക്കെതിരെ ഖത്തർ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
World Cup: Qatar rejects Israel's demand to allow opening of temporary consulate