ലോകകപ്പ് ഫുട്ബോൾ പ്രാഥമിക ടീം ലിസ്റ്റ് നാളെ നൽകണം; പരിക്കിനെ പേടിച്ച് ടീമുകൾ
|35 മുതൽ 55 അംഗങ്ങൾ വരെയുള്ള പട്ടിക ഫിഫയ്ക്ക് നൽകാം. ഇതിൽ നിന്നും 26 അംഗ ടീം കണ്ടെത്താൻ നവംബർ 14 വരെ പരിശീലകർക്ക് സമയമുണ്ട്.
ദോഹ: ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയ രാജ്യങ്ങൾ കളിക്കാരുടെ പ്രാഥമിക പട്ടിക നാളെ ഫിഫയ്ക്ക് സമർപ്പിക്കണം. 35 മുതൽ 55 വരെ അംഗങ്ങളുള്ള പട്ടികയാണ് നൽകേണ്ടത്. അതേസമയം ബ്രസീലും അർജന്റീനയും ഫ്രാൻസും അടക്കമുള്ള മുൻനിര ടീമുകൾ താരങ്ങളുടെ പരിക്കിന്റെ ഭീതിയിലാണ്.
ആദ്യ ഘട്ടത്തിൽ സമർപ്പിക്കുന്ന പട്ടികയിൽ നിന്നാണ് ലോകകപ്പിനുള്ള 26 അംഗ ടീമിനെ തെരഞ്ഞെടുക്കേണ്ടത്. 35 മുതൽ 55 അംഗങ്ങൾ വരെയുള്ള പട്ടിക ഈ ഘട്ടത്തിൽ ഫിഫയ്ക്ക് നൽകാം. ഇതിൽ നിന്നും 26 അംഗ ടീം കണ്ടെത്താൻ നവംബർ 14 വരെ പരിശീലകർക്ക് സമയമുണ്ട്. പ്രാഥമിക ലിസ്റ്റ് ഫിഫ പുറത്തുവിടാറില്ല, പക്ഷെ ടീമുകൾക്ക് പുറത്തുവിടാം. അതിനിടെ താരങ്ങളുടെ പരിക്ക് പ്രമുഖ ടീമുകൾക്ക് തലവേദനയാവുകയാണ്. റിച്ചാളിസന് പുറമെ മധ്യനിര താരം പക്വേറ്റക്കും പരിക്കേറ്റത് ബ്രസീലിന് തിരിച്ചടിയായി. ഇരുവരുടെയും ലോകകപ്പ് സാധ്യത ത്രിശങ്കുവിലാണ്.
അർജന്റീനയ്ക്ക് മരിയയുടെയും ഡിബാലയുടെയും സേവനം ഉറപ്പിക്കാനായിട്ടില്ല.ഫ്രാൻസിന് കാന്റെയുടെ സേവനം ലഭിക്കില്ലെന്ന് ഉറപ്പായി. പോഗ്ബയും പരിക്കിന്റെ പിടിയിലാണ്. ഇംഗ്ലണ്ടിന്റെ റെസി ജെയിംസിനും ലോകകപ്പ് കളിക്കാനാകില്ല. കെയ്ൽ വാക്കറും കാൽവിൻ ഫിലിപ്സും പരിക്കേറ്റ് ചികിത്സയിലാണ്. പോർച്ചുഗലിനും പരിക്കേറ്റിട്ടുണ്ട്. ഡീഗോ ജോട്ടയും പെഡ്രോ നെറ്റോയും ഇല്ലാതെയാണ് ടീം ഖത്തറിലേക്ക് വരേണ്ടത്.