ലോകകപ്പ് ഫുട്ബോള്‍ ഗള്‍ഫ് മേഖലയിലെ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തേകിയതായി പഠനം
|അറബ് ഗൾഫ് സെൻറർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് ആണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്
ലോകകപ്പ് ഫുട്ബോള്‍ ഗള്‍ഫ് മേഖലയിലെ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തേകിയതായി പഠനം. ഖത്തര്‍ കഴിഞ്ഞാല്‍ യുഎഇയാണ് ലോകകപ്പ് കാലത്ത് വിനോദ സഞ്ചാരമേഖലയില്‍ വലിയ നേട്ടമുണ്ടാക്കിയത്. അറബ് ഗൾഫ് സെൻറർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് ആണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഖത്തർ വേദിയായ ലോകകപ്പ് ടൂർണമെൻറ് സമയത്ത് 25 ലക്ഷത്തിലധികം ആളുകളാണ് മേഖല സന്ദർശിച്ചത്. ആതിഥേയരായ ഖത്തറിന് പുറമെ യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും വിനോദ സഞ്ചാര മേഖലയിൽ ലോകകപ്പിന്റെ ഗുണഭോക്താക്കളായി മാറി.
ടൂറിസം വരുമാനത്തിലും മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ അതിന്റെ സംഭാവനയിലും ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയാണ് ഒന്നാമത്. യു.എ.ഇയുടെ ജി.ഡിപിയിലേക്കുള്ള ടൂറിസം മേഖലയുടെ പങ്ക് 11.6 ശതമാനമാണ്. 6.8 ശതമാനവുമായി ബഹ്റൈനാണ് മൂന്നാമത്. 5.3 ശതമാനവുമായി സൗദി അറേബ്യ നാലാമതെത്തിയപ്പോൾ, 3.3 ശതമാനമാണ് കുവൈത്തിനും ഒമാനുമുള്ളത്. മേഖലയിലെ പ്രധാന വിമാനക്കമ്പനികൾക്ക് കീഴിലുള്ള എയർലൈനുകൾ ഖത്തറിലേക്ക് സർവീസ് വർധിപ്പിച്ചതും ലോകകപ്പ് വേളയിലെ ടൂറിസം വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചതായും സി.എസ്.ആർ ഗൾഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇത് പ്രകാരം, യു.എ.ഇയിലും ഖത്തറിലുമായി യഥാക്രമം 257ഉം 200ഉം വിമാനങ്ങളാണ് സർവീസിനായുള്ളത്. ലോകകപ്പ് വേളയിൽ ഖത്തറിലെത്തുന്ന ആരാധകർക്കായി ജി.സി.സി രാജ്യങ്ങൾ അവരുടെ അതിർത്തികൾ തുറന്നു കൊടുത്തിരുന്നു.