യു.എ.ഇ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷണവിതരണത്തിന് ഇനി റോബോട്ടുകളും
|ഓർഡർ ചെയ്യുന്ന ഭക്ഷണം തീൻമേശകളിൽ എത്തിക്കുന്ന ചുമതല ഇനി ബെല്ല എന്ന റോബോട്ടിനാണ്
യു.എ.ഇ: യു.എ.ഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷണവിതരണത്തിന് ഇനി റോബോട്ടുകളെത്തും. ഓർഡർ ചെയ്യുന്ന ഭക്ഷണം തീൻമേശകളിൽ എത്തിക്കുന്ന ചുമതല ഇനി ബെല്ല എന്ന റോബോട്ടിനാണ്.
ലുലു ഹൈപ്പർ മാർക്കറ്റിലെ ഫുഡ്കോർട്ടുകളിൽ ഭക്ഷണം ഓർഡർ ചെയ്യുന്നവർ തങ്ങളുടെ തീൻമേശയിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് ബിൽ നമ്പർ എന്റര്‍ ചെയ്താൽ മതി. ഓർഡർ ചെയ്ത ഭക്ഷണം ബെല്ല ടേബിളിൽ എത്തിച്ചു തരും. മാർക്കറ്റിങ് സ്ഥാപനമായ ബ്ലൂആരോസാണ് ബെല്ലയെ ലുലുവിൽ രംഗത്തിറക്കിയിരിക്കുന്നത്. പർപ്പിൾഗ്രിഡ്, ജാക്കീസ് എന്നിവയാണ് റോബോട്ടിക്, സാങ്കേതിക സഹയം ലഭ്യമാക്കുന്നത്.
അടുത്ത ഘട്ടത്തിൽ ഭക്ഷണത്തിന്റെ ഓർഡര്‍ സ്വീകരിക്കുന്ന പണിയും ബെല്ല ഏറ്റെടുക്കും. ഷാർജ ബൂതീനയിൽ കഴിഞ്ഞദിവസം തുറന്ന ലുലു ശാഖയിലാണ് ബെല്ല പരീക്ഷണാടിസ്ഥാനത്തിൽ ഭക്ഷണം വിളമ്പുന്നത്. താമസിയാതെ സിലിക്കൺ ഒയാസിസിലെ ശാഖയിലും ബെല്ല എത്തും. ഇതിന് പുറമെ, പുതിയ ഓഫറുകൾ ഉപഭോക്താക്കളെ അറിയിക്കുന്ന കിറ്റി എന്ന റോബോട്ടും ലുലുവിൽ സേവനത്തിനുണ്ടാകും.