സൗദിയിൽ പ്രവാസികൾക്ക് സന്ദർശക വിസയിൽ കൊണ്ടുവരാവുന്ന ബന്ധുക്കളുടെ എണ്ണം വർധിപ്പിച്ചു
|വിദേശ കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അപ്ഡേഷന് ശേഷമാണ് കൂടുതൽ പേരെ ഉൾപ്പെടുത്തിയത്
റിയാദ്: സൗദിയിൽ പ്രവാസികൾക്ക് സന്ദർശക വിസയിൽ കൊണ്ടുവരാവുന്ന ബന്ധുക്കളുടെ എണ്ണം വർധിപ്പിച്ചു. വിദേശ കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അപ്ഡേഷന് ശേഷമാണ് കൂടുതൽ പേരെ ഉൾപ്പെടുത്തിയത്.
ഏറ്റവുമടുത്ത ബന്ധുക്കൾക്ക് മാത്രമായിരുന്നു നേരത്തെ പ്രവാസികളുടെ സന്ദർശക വിസയിൽ കൊണ്ടു വരാൻ കഴിഞ്ഞിരുന്നത്. മാതാപിതാക്കൾ, ഭാര്യ, മക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിങ്ങനെ വളരെ കുറഞ്ഞ വിഭാഗങ്ങൾ മാത്രമേ ഇതുവരെ ഉണ്ടായിരുന്നു. ചില ഘട്ടങ്ങളിൽ സഹോദരിമാർക്കും ലഭിച്ചു.
എന്നാൽ പുതിയ അപ്ഡേഷനോടെ നിരവധി ബന്ധുക്കളെ കൊണ്ടു വരാം. മാതാവിന്റെ സഹോദരൻ, പിതാവിന്റെ സഹോദരൻ സഹോദരി, പിതാവിന്റേയും മാതാവിന്റെയും ഉപ്പ ഉമ്മ എന്നിവർക്കെല്ലാം വിസ ലഭ്യമാകും. ഇതിനു പുറമെ പേരക്കുട്ടികൾ, സഹോദരി, സഹോദരന്റേയും സഹോദരിയുടെയും മക്കൾ എന്നിവർക്കും വിസ ലഭ്യമാകും. ലേബർ ജോലികളിലുള്ളവർക്ക് ചില വിസകൾ ഓൺലൈനിൽ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. പുതിയ അപ്ഡേഷനിൽ ഭൂരിഭാഗം തൊഴിലുകളിലുള്ളവർക്കും ഈ വിസകളെല്ലാം ലഭിക്കും. അറുപത് വയസ്സിന് മുകെളിൽ പ്രായമുള്ളവർക്ക് ഇൻഷൂറൻസ് തുക കൂടും. ഇതൊഴിച്ചാൽ ബാക്കി നിരക്കെല്ലാം സമാനമാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി വിദേശ കാര്യ മന്ത്രാലയ സൈറ്റായ മോഫയിൽ അപ്ഡേഷൻ തുടരുകയാണ്.