Gulf
ടെക്‌നിക്കല്‍ വിസകള്‍ക്ക് നൈപുണ്യ പരീക്ഷ നിര്‍ബന്ധമാക്കി സൗദി അറേബ്യ
Gulf

ടെക്‌നിക്കല്‍ വിസകള്‍ക്ക് നൈപുണ്യ പരീക്ഷ നിര്‍ബന്ധമാക്കി സൗദി അറേബ്യ

Web Desk
|
30 May 2023 5:31 PM GMT

ഇലക്ട്രിക്കല്‍, പ്ലംബിംഗ്, വെല്‍ഡിംഗ് മേഖലയില പത്തൊന്‍പത് പ്രൊഫഷനുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ ബാധകമാകുക

ദമ്മാം: ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്ക് ടെക്നിക്കല്‍ തസ്തികകളിലേക്കുള്ള വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിന് നൈപുണ്യ പരീക്ഷ നിര്‍ബന്ധമാക്കി. ഡല്‍ഹിയിലെ സൗദി അറേബ്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇലക്ട്രിക്കല്‍, പ്ലംബിംഗ്, വെല്‍ഡിംഗ് മേഖലയില പത്തൊന്‍പത് പ്രൊഫഷനുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ ബാധകമാകുക.

ടെക്‌നിക്കല്‍ തസ്തികകളില്‍ സൗദിയിലേക്കെത്തുന്ന തൊഴിലാളികള്‍ക്ക് ആ മേഖലയില്‍ കഴിവുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് പരീക്ഷ. ഇലക്ട്രിക്കല്‍, പ്ലംബിങ്, വെല്‍ഡിങ്, ഫ്‌ളൈയിം കട്ടര്‍, പൈപ്പ് ഫിറ്റര്‍, ബ്ലാക് സ്മിത്ത്, ഏസി മെക്കാനിക് തുടങ്ങിയ പ്രഫഷനുകള്‍ക്കെല്ലാം തൊഴില്‍പരീക്ഷ നിര്‍ബന്ധമാണ്. സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം എന്ന പേരിലറിയപ്പെടുന്ന പരീക്ഷ നടത്തി അതിന്റെ കോപ്പി വിസ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പരീക്ഷ നടത്താതെ വിസ സ്റ്റാമ്പിംഗ് അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും ഏജന്റുമാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും സൗദി എംബസി ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക പോര്‍ട്ടലും തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷക്ക് അപേക്ഷിക്കാന്‍ കേരളത്തിലെ ട്രാവല്‍ ഏജന്‍സികള്‍ സൗകര്യമൊരുക്കുന്നുണ്ട്. പരീക്ഷയുടെ വിശദാംശങ്ങളും അപേക്ഷാ രീതിയും സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Similar Posts