സൗദിയില്‍ ഡിസംബറില്‍ ഉപഭോക്താക്കൾ ചിലവഴിച്ച തുകയിൽ 1% വര്‍ധനവ്
|കഴിഞ്ഞ ഡിസംബറില്‍ സൗദിയില്‍ ജനങ്ങള്‍ വിവിധ സാധനങ്ങള്‍ വാങ്ങാനായി ചെലവഴിച്ച തുകയില്‍ 1% വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ഉപഭോക്തൃ ചെലവ് 92.7 ബില്യണ്‍ റിയാലായിരുന്നെങ്കില്‍ ഈ വര്‍ഷം 93.2 ബില്യണ്‍ റിയാലായാണ് ഉയര്‍ന്നിരിക്കുന്നത്.
സൗദി സെന്‍ട്രല്‍ ബാങ്കിന്റെ (SAMA) പ്രതിമാസ ബുള്ളറ്റിനില്‍ പറഞ്ഞതനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കം മുതല്‍ രാജ്യത്തെ മൊത്തം ഉപഭോക്തൃ ചെലവ് 1.055 ട്രില്യണ്‍ സൗദി റിയാലാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7% വര്‍ധനവാണിത് കാണിക്കുന്നത്.
അതേ സമയം ഡിസംബറില്‍ പിഒഎസ്(പോയിന്റ്‌സ് ഓഫ് സെയില്‍) ഇടപാടുകള്‍ 18% വര്‍ധിച്ച് 44.37 ബില്യണ്‍ റിയാലിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം 37.62 ബില്യണ്‍ റിയാല്‍ മാത്രമായിരുന്നിടത്താണ് ഈ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
ഷോപ്പിങ് മാളുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, ഫാര്‍മസികള്‍ മുതലായവയില്‍ ഉപഭോക്താക്കള്‍ അവരുടെ എടിഎം കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് നടത്തുന്ന ഇടപാടിനെയാണ് പിഒഎസ് ഇടപാടുകള്‍ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.
ഡിസംബറില്‍, പണം പിന്‍വലിക്കല്‍ കഴിഞ്ഞ വര്‍ഷത്തെ 55.1 ബില്യണ്‍ റിയാലില്‍ നിന്ന് 11% കുറഞ്ഞ് 48.8 ബില്യണ്‍ റിയാലിലെത്തി. രാജ്യത്തുടനീളമുള്ള 16,500 എടിഎമ്മുകളില്‍നിന്ന് 134.1 ദശലക്ഷം ഇടപാടുകളിലായാണ് പണം പിന്‍വലിച്ചിട്ടുള്ളത്.