Saudi Arabia
10 new services on Abshir platform...
Saudi Arabia

ബാങ്ക് കാർഡിലെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാം: അബ്ഷിർ പ്ലാറ്റ്‌ഫോമിൽ പത്ത് പുതിയ സേവനങ്ങൾ കൂടി...

Web Desk
|
18 May 2024 8:07 AM GMT

ചെറിയ അപകടങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യാനും അബ്ഷിറിൽ സൗകര്യമൊരുക്കി

ജിദ്ദ: സൗദി അറേബ്യയിൽ ബാങ്ക് കാർഡുകളിലെ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് അബ്ഷിർ പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം. ചെറിയ അപകടങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യാനും അബ്ഷിറിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതടക്കം പത്ത് പുതിയ സേവനങ്ങൾ അബ്ഷിർ പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് പ്ലാറ്റ് ഫോം ആയ അബ്ഷിറിൽ പൊതുജനങ്ങൾക്ക് സഹായകരമാകുന്ന നിരവധി സേവനങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ളത്. റിയാദിലെ പബ്ലിക് സെക്യൂരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസാമി പുതിയ സേവനങ്ങൾ വിശദീകരിച്ചു. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിന് സൗദ് ബിൻ നായിഫിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.

ഇനി മുതൽ ചെറിയ അപകട കേസുകൾ അബ്ഷിർ വഴി പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. കൂടാതെ ബാങ്ക് എടിഎം കാർഡുകളിലെ തട്ടിപ്പുകളെ കുറിച്ചും അബ്ഷിർ വഴി റിപ്പോർട്ട് ചെയ്യാൻ സാധിക്കും. വാഹന ഉടമസ്ഥാവകാശം ഒരു കമ്പനിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ട്രാൻസ്ഫർ ചെയ്യുക, വ്യക്തിഗത ലേലം, നമ്പർ പ്ലേറ്റ് ട്രാൻസ്ഫർ ചെയ്യൽ, ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടക്കുന്നതിനുള്ള സമയപരിധി നീട്ടൽ, കസ്റ്റംസ് കാർഡ് പ്രദർശിപ്പിക്കൽ, രാജ്യത്തിന് പുറത്ത് അപകടമൊന്നും നടന്നിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പരിശോധന, നമ്പർ പ്ലേറ്റ് മാറ്റൽ, ട്രാഫിക് സേവനങ്ങൾക്കുള്ള വികസിത പോർട്ടൽ തുടങ്ങിയ സേവനങ്ങളും അബ്ഷിറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ സമയവും പരിശ്രമവും ലാഭിക്കാനും നടപടിക്രമങ്ങൾ എളുപ്പാക്കുന്നതിനും വേണ്ടിയാണ് കൂടുതൽ സേവനങ്ങൾ അബ്ഷിറിൽ ഉൾപ്പെടുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.



Related Tags :
Similar Posts