Saudi Arabia
സ്വകാര്യ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനവ്
Saudi Arabia

സ്വകാര്യ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനവ്

Web Desk
|
26 Jan 2022 2:48 PM GMT

റിയാദ്: രാജ്യത്ത് സ്വകാര്യ ആരോഗ്യ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം ഒരു വര്‍ഷത്തിനുള്ളില്‍ 15.4% വര്‍ദ്ധിച്ച് 2021 മൂന്നാം പാദത്തിന്റെ അവസാനത്തില്‍ 209,095 എണ്ണമായി ഉയര്‍ന്നു.

2020ല്‍ ഇതേ കാലയളവില്‍ 177,037 സൗദികളാണ് ഈ മേഖലയിലുണ്ടായിരുന്നത്. ഈ മേഖലയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 2021 മൂന്നാം പാദത്തിന്റെ അവസാനത്തില്‍ 444,930 ആയാണ് ഉയര്‍ന്നത്. ഇതില്‍ 53 ശതമാനവും (235,835) വിദേശ തൊഴിലാളികളാണ്.

ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം ഇപ്പോള്‍ വിദേശികളേക്കാള്‍ കൂടുതലാണ്. 183,075 സ്ത്രീ ജീവനക്കാരില്‍ 86,794 വിദേശ വനിതകളാണുള്ളതെങ്കില്‍ 96,281 പേരും സൗദി വനിതകളാണ്.

സൗദി വനിതകള്‍ക്കും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം വിപുലീകരിക്കുന്നതിനായി രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ആരോഗ്യ സ്‌പെഷ്യാലിറ്റികളിലും മെഡിക്കല്‍ ജോലികളിലും താമസിയാതെ പ്രാദേശികവല്‍ക്കണം നടപ്പിലാക്കുമെന്ന് മനുഷ്യവിഭവശേഷി, സാമൂഹിക വികസന മന്ത്രി (എച്ച്.ആര്‍.എസ്.ഡി) അഹമ്മദ് അല്‍റാജി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌പെഷ്യലിസ്റ്റിന് കുറഞ്ഞത് 7000 റിയാല്‍ ശമ്പളവും സാങ്കേതിക വിദഗ്ധന് കുറഞ്ഞത് 5000 റിയാലുമാണ് ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. ആരോഗ്യ സ്‌പെഷ്യാലിറ്റികളിലെ മൊത്തം തൊഴിലാളികളുടെ 60% സൗദി പൗരന്മാരാക്കാണ് ലക്ഷ്യമിടുന്നത്.

മെഡിക്കല്‍ ഉപകരണ വിപണന മേഖലയിലും ആദ്യഘട്ടത്തില്‍ 40 ശതമാനവും രണ്ടാം ഘട്ടത്തില്‍ 80 ശതമാനവും പ്രാദേശികവല്‍ക്കരിക്കും. എഞ്ചിനീയര്‍മാര്‍ക്കും സ്‌പെഷ്യലിസ്റ്റുകള്‍ക്കും ബാച്ചിലേഴ്‌സ് ഡിഗ്രി ഹോള്‍ഡര്‍മാര്‍ക്കും മിനിമം ശമ്പളം 7000 റിയാലും ടെക്‌നീഷ്യന്‍മാര്‍ക്കും ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്കും 5000 റിയാലുമായിരിക്കും.

Similar Posts