Saudi Arabia
15351 residence law violators arrested in Saudi during one week
Saudi Arabia

സൗദിയിൽ ഒരാഴ്ചയ്ക്കിടെ 15,351 താമസ നിയമലംഘകർ പിടിയിൽ

Web Desk
|
2 Sep 2023 6:53 PM GMT

നിയമനടപടികള്‍ പൂര്‍ത്തിയായ 41,048 നിയമലംഘകരെ ഇതിനകം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദമ്മാം: സൗദിയില്‍ നിയമലംഘകരായ താമസക്കാര്‍ക്കെതിരായ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 15,351 താമസ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. താമസ രേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്.

9124 ഇഖാമ നിയമ ലംഘകരും 4284 അതിര്‍ത്തി സുരക്ഷാചട്ട ലംഘകരും 1943 തൊഴില്‍ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 579 പേരും ഇതിലുള്‍പ്പെടും. പിടിയിലായവരിൽ 54 ശതമാനം യമനികളും 44 ശതമാനം എത്യോപ്യക്കാരും 2 ശതമാനം മറ്റ് രാജ്യക്കാരുമാണ്.

അതിര്‍ത്തികള്‍ വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 14 പേരും പിടിയിലായിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായ 41,048 നിയമലംഘകരെ ഇതിനകം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 33,968 പേര്‍ പുരുഷന്‍മാരും 7080 പേര്‍ വനിതകളുമാണ്.


Similar Posts