സൗദി എയർലൈൻസിന്റെ പുതിയ 16 വിമാനങ്ങൾ അടുത്ത വർഷം എത്തും
|എയർ ബസിൽ നിന്നും 105 വിമാനങ്ങൾ വാങ്ങുന്ന കരാറിലെ ആദ്യ വിമാനങ്ങളാണിത്
റിയാദ് : സൗദി എയർലൈൻസിന്റെ പുതിയ 16 വിമാനങ്ങൾ അടുത്ത വർഷം രാജ്യത്തെത്തും. ഈ വർഷം മെയ് മാസത്തിലാണ് വിമാനങ്ങൾ വാങ്ങുന്ന കരാറിൽ സൗദി എയർ ഒപ്പുവെച്ചിരുന്നത്. രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറായിരുന്നു ഇത്. കരാറുപ്രകാരമുള്ള പതിനാറ് വിമാനങ്ങൾ അടുത്ത വർഷത്തൊടെ രാജ്യത്തേക്കെത്തും. സൗദി അറേബ്യൻ എയർലൈൻസ് സൗദി ഡയറക്ടർ ജനറൽ ഇബ്രാഹീമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശേഷിക്കുന്ന വിമാനങ്ങൾ 2026നും 2030നും ഇടയിൽ ഘട്ടം ഘട്ടമായി രാജ്യത്തേക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 105 നാരോബോഡി ജെറ്റുകൾ വാങ്ങാനാണ് സൗദി എയർലൈൻസ് എയർബസുമായി കരാറിലെത്തിയിരുന്നത്. സൗദിയുടെ 80 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടപാടാണിത്.
180ലധികം പുതിയ വിമാനങ്ങൾ തങ്ങൾക്ക് ആവശ്യമുണ്ടെന്നും, എന്നാൽ 2032ന് മുമ്പ് ഡെലിവറി ചെയ്യാൻ വിമാന നിർമ്മാണ കമ്പനിക്ക് സാധിക്കാതത്തിനാലാണ് എണ്ണം കുറച്ചതെന്നും സൗദി എയർലൈൻസ് വക്താവ് അബ്ദുല്ല അൽഷഹ്റാനി നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ വിമാനങ്ങളിൽ പകുതിയോളം ബജറ്റ് സർവീസ് നടത്തുന്ന ഫ്‌ളൈ അദീലിന് ഉപയോഗിക്കും. നിലവിൽ സൗദിയക്കും ഫ്‌ലൈ അദീലിനും 170-ലധികം എയർബസ്, ബോയിംഗ് വിമാനങ്ങളുണ്ട്. 100ലധികം വിമാനത്താവളങ്ങളിലേക്കാണ് ഇവ സർവീസ് നടത്തുന്നത്. സൗദിയ എയർലൈൻസ് കഴിഞ്ഞ വർഷം ബോയിംഗിൽ നിന്ന് 787 ഡ്രീംലൈനർ ശ്രേണിയിൽപ്പെട്ട മൂന്ന് ഡസനിലധികം വിമാനങ്ങൾ ഓർഡർ ചെയ്തിരുന്നു. കൂടാതെ പുതിയ വിമാന കമ്പനിയായ റിയാദ് എയറും പുതിയ വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്. രാജ്യത്തെ വ്യോമയാന-വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം. 2030-ഓടെ പ്രതിവർഷം 150 ദശലക്ഷം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.