Saudi Arabia
17,305 Law violators were arrested in Saudi Arabia in one week
Saudi Arabia

സൗദിയിൽ ഒരാഴ്ചക്കിടെ 17,305 നിയമ ലംഘകർ പിടിയിൽ

Web Desk
|
11 Nov 2023 6:44 PM GMT

വിരലടയാളത്തിൽ കൃത്രിമം നടത്തി സൗദിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചവർ പിടിയിൽ

ദമ്മാം: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 17,305 നിയമം ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം. താമസ രേഖ കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവർ. തൊഴിൽ നിയമ ലംഘനം നടത്തിയവർ എന്നിവരാണ് പിടിയിലായത്. ഇതിനികം പിടിയിലായ നിയമലംഘകരിൽ നിയമനടപടികൾ പൂർത്തിയായ 7185 പേരെ കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് നിന്ന് നാട് കടത്തിയതായും മന്ത്രാലയം അറിയിച്ചു.

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുകയാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് 10804 ഇഖാമ നിയമ ലംഘകരും 3890 അതിർത്തി സുരക്ഷാചട്ട ലംഘകരും 2611 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 626 പേരും ഇതിലുൾപ്പെടും. പിടിയിലായവരിൽ 57 ശതമാനം യമനികളും 40 ശതമാനം എത്യോപ്യക്കാരും മൂന്നു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾവഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 24 പേരും പിടിയിലായിട്ടുണ്ട്.



വിരലടയാളത്തിൽ കൃത്രിമം നടത്തി പ്രവേശിക്കാൻ ശ്രമിച്ചവർ പിടിയിൽ

മദീന: വിരലടയാളത്തിൽ കൃത്രിമം നടത്തി സൗദിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച രണ്ട് വിദേശികൾ വിമാനത്താവളത്തിൽ പിടിയിലായി. പുതിയ വിസയിൽ സൗദിയിലേക്ക് വരാൻ ശ്രമിച്ച രണ്ട് പാക്കിസ്ഥാൻ പൗരന്മാരാണ് പിടിയിലായത്. നേരത്തെ തൊഴിൽ നിയമലംഘനങ്ങൾക്ക് നാട് കടത്തപ്പെട്ടവരാണ് വീണ്ടും സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. ഇവരെ സ്വന്തം നാട്ടിലേക്ക് തന്നെ തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു.

മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇരുവരും വിമാനമിറങ്ങിയത്. എമിഗ്രേഷൻ നടപടികൾക്കിടെ വിരലടയാള പരിശോധനയിൽ അസ്വാഭാവിക തോന്നിയ ഉദ്യോഗസ്ഥർ ഇവരെ മാറ്റി നിറുത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ നേരത്തെ സൗദിയിൽ ജോലി ചെയ്തിരുന്നതായും തൊഴിൽ താമസ നിയമലംഘനത്തിന് പിടിക്കപ്പെട്ട് നാട് കടത്തപ്പെട്ടവരുമാണെന്ന് വ്യക്തമായി.

സൗദിയിലേക്ക് തിരിച്ച് വരാൻ വിലക്കേർപ്പെടുത്തപ്പെട്ടവരായതിനാൽ വിരലടയാളത്തിൽ കൃത്രിമം നടത്തുകയായിരുന്നു. വിരലടയാള പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇത്. ഇരുവരെയും മദീന വിമാനത്താവളത്തിൽ നിന്ന് തന്നെ സ്വദേശത്തേക്ക് തിരിച്ചയച്ചു. രാജ്യത്ത് അതിർത്തി സുരക്ഷാ നിയമ ലംഘകരെ നിരീക്ഷിക്കാൻ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഉപോയിക്കുന്നതെന്നും, നിയമംലംഘകർക്ക് സഹായം നൽകുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.



Similar Posts