സൗദിയിൽ വിമാന കമ്പനികൾക്കെതിരെ ഉയർന്നത് 1800 പരാതികൾ
|സൗദിയ എയർലൈൻസിനെതിരെയാണ് യാത്രക്കാരിൽ നിന്നും ഏറ്റവും കുറവ് പരാതികൾ ലഭിച്ചത്.
ജിദ്ദ: സൗദിയിൽ വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞ മാസം ആയിരത്തി എണ്ണൂറിലധികം പരാതികൾ ലഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സൗദിയ എയർലൈൻസിനെതിരെയാണ് യാത്രക്കാരിൽ നിന്നും ഏറ്റവും കുറവ് പരാതികൾ ലഭിച്ചത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതി ഉയർന്നത് മദീന എയർപോർട്ടിനെതിരെയാണെന്നും അതോറിറ്റി വ്യക്തമാക്കി.
വിമാന യാത്ര വൈകൽ, റദ്ദാക്കൽ, ടിക്കറ്റ് തുക തിരികെ നൽകൽ, ബാഗേജ് എന്നിവയുമായി ബന്ധപ്പെട്ടാണ് യാത്രക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ പരാതികളുയർന്നത്. കഴിഞ്ഞ മാസം ആകെ 1873 പരാതികൾ സൗദിയിലെ വിമാന കമ്പനികൾക്കെതിരെ ഉയർന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ദേശീയ വിമാന കമ്പനിയായ സൗദിയ എയർലൈൻസിനെതിരെയാണ് ഏറ്റവു കുറവ് പരാതികൾ ലഭിച്ചത്. ഇതിൽ 97 ശതമാനം പരാതികൾക്കും സമയബന്ധിതമായി പരിഹാരം കാണുകയും ചെയ്തു.
ഒരു ലക്ഷം യാത്രക്കാർക്ക് 13 പരാതികൾ എന്ന തോതിലാണ് സൗദിയക്കെതിരെ ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഫ്‌ളൈ നാസിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 29 പരാതികൾ തോതിൽ ലഭിച്ചു. ഇതിലും 98 ശതമാനവും പരിഹരിച്ചിട്ടുണ്ട്. എന്നാൽ മൂന്നാം സ്ഥാനത്തുള്ള ഫ്‌ളൈ അദീലിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 167 എന്ന തോതിൽ പരാതികളാണ് ഉയർന്നത്. എങ്കിലും ഈ പരാതികളിൽ 96 ശതമാനവും പരിഹിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതികൾ ഉയർന്നത് മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എയർപോർട്ടിനെതിരെയാണ്. ഹജ്ജ് തീർഥാടകരുൾപ്പെടെ പ്രതിവർഷം 60 ലക്ഷത്തിലേറെ യാത്രക്കാർ ഉപയോഗിക്കുന്ന മദീന വിമാനത്താവളത്തിനെതിരെ കഴിഞ്ഞ മാസം ആകെ ലഭിച്ചത് ഏഴ് പരാതികൾ മാത്രമാണ്. ഇവയ്ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണുകയും ചെയ്തു. ആഭ്യന്തര വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതി ബീശ എയർപോർട്ടിനെതിരെയാണ്. കഴിഞ്ഞ മാസം ആകെ ഒരു പരാതി മാത്രമാണ് ബീശ വിമാനത്താവളത്തിനെതിരെ ഉയർന്നത്.