സൗദിയില്‍ പൊടിക്കാറ്റില്‍ 182 വാഹനാപകടങ്ങള്‍; വാഹനമോടിക്കുന്നവര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം
|റിയാദില്‍ ഇന്നലെ ആരംഭിച്ച പൊടിക്കാറ്റ് വിവിധ പ്രദേശങ്ങളിലേക്ക് പടരുകയാണ്, രണ്ട് ദിവസം കൂടി പൊടിക്കാറ്റ് തുടരും
സൗദിയില്‍ പൊടിക്കാറ്റില്‍ 182 വാഹനാപകടങ്ങള്‍ സംഭവിച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു. റിയാദില്‍ ഇന്നലെ ആരംഭിച്ച പൊടിക്കാറ്റ് വിവിധ പ്രദേശങ്ങളിലേക്ക് പടരുകയാണ്. വാഹനമോടിക്കുന്നവര്‍ക്ക് ട്രാഫിക് വിഭാഗം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ പൊടിക്കാറ്റാണ് ഇന്നലെയുണ്ടായത്. റിയാദില്‍ മാത്രം ഇന്നലെ 182 വാഹനാപകടങ്ങളാണുണ്ടായത്. ആര്‍ക്കും പരിക്കില്ലെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. പൊടിക്കാറ്റ് തുടരുന്ന പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം.
വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം ഉറപ്പാക്കുകയും വേഗം കുറയ്ക്കുകയും വേണം. അനിവാര്യ സാഹചര്യങ്ങളില്‍ ഒഴികെ ട്രാക്കുകള്‍ മാറരുത്. ഹൈവേകളിലും എക്സിറ്റുകളിലും ട്രാഫിക് പോലീസ് സാന്നിധ്യമുണ്ട്. ഹൈവേകളില്‍ സഞ്ചരിക്കുന്നവര്‍ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിച്ച് വാഹനമോടിക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
റിയാദിനു പുറമെ, പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജ്, ദിര്‍ഇയ, അല്ദലം, മുസാഹ്മിയ, റുമാഹ്, മറാത്, താദിഖ് എന്നിവിടങ്ങളിലെല്ലാം പൊടിക്കാറ്റ് അനുഭവപ്പെട്ടു. പൊടിക്കാറ്റ് കാരണം റിയാദ് വിന്റര്‍വണ്ടര്‍ലാന്റ് ഏരിയ വെള്ളിയാഴ്ച അടച്ചതായി റിയാദ് സീസണ് അറിയിച്ചു. മോശം കാലാവസ്ഥ മൂലം ഖാഫ് അല്‍റിയാദ് പരിപാടി നീട്ടിവെച്ചതായി റിയാദ് നഗരസഭയും അറിയിച്ചു. കിഴക്ക്, മധ്യപ്രവിശ്യകളില്‍ നിന്ന് പൊടിക്കാറ്റ് അല്‍ബഹ, മക്ക, മദീന ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. റിയാദും ദമ്മാമും ഉള്‍പ്പെടുന്ന മധ്യ, കിഴക്ക് പ്രവിശ്യകളിലും ജിസാന്‍, അസീര്‍ ഭാഗങ്ങളിലും നേരിയ മഴക്ക് സാധ്യതയുണ്ട്.