Saudi Arabia
20 lakh pilgrims reached Mina; Arafa meeting tomorrow
Saudi Arabia

20 ലക്ഷം ഹാജിമാർ മിനായിലെത്തി; അറഫാ സംഗമം നാളെ

Web Desk
|
26 Jun 2023 1:19 AM GMT

ഇന്ത്യക്കാരായ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരടക്കം 20 ലക്ഷത്തിലേറെ ഹാജിമാരാണ്‌ അറഫാ സംഗമത്തിനായി തയ്യാറെടുക്കുന്നത്.

മക്ക: ഹജ്ജ് കർമങ്ങൾക്ക് തുടക്കം കുറിച്ച് ഹാജിമാർ മിനായിലെത്തി. ഇന്ത്യക്കാരായ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരടക്കം 20 ലക്ഷത്തിലേറെ ഹാജിമാരാണ്‌ അറഫാ സംഗമത്തിനായി തയ്യാറെടുക്കുന്നത്. നാളെ ഉച്ചയോടെ മുഴുവൻ ഹാജിമാരും അറഫയിലെത്തും.

ഇന്നലെ മുതൽ ഹാജിമാർ മിനായിലേക്ക് നീങ്ങിയിരുന്നു. ഇന്ത്യൻ ഹാജിമാരെല്ലാം രാത്രിയോടെ മിനായിലെത്തി. പകലും രാവും പ്രാർഥനകളോടെ ഹാജിമാർ മിനായിൽ തങ്ങുകയാണ്. നാളെ നടക്കുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനുള്ള മുന്നൊരുക്കം കൂടിയാണ് മിനായിലെ ഈ താമസം.

ആഭ്യന്തര ഹാജിമാരും എത്തിയതോടെ മിനാ താഴ്‌വരയിലുള്ള തമ്പുകളിൽ 20 ലക്ഷത്തിലേറെ ഹാജിമാരുണ്ട്. ഇന്ത്യൻ ഹാജിമാർ ഇന്ന് അർധ രാത്രിക്ക് ശേഷം അറഫയിലേക്ക് നീങ്ങിത്തുടങ്ങും. മിനായിൽ നിന്നും ബസ്, മെട്രോ ട്രെയിൻ എന്നിവ വഴിയാണ് ഹാജിമാർ അറഫയിലേക്ക് നീങ്ങുക. 84,000 ഇന്ത്യൻ ഹാജിമാർക്ക് മെട്രോ ടെയിൻ ടിക്കറ്റുണ്ട്. 11,252 മലയാളി ഹാജിമാരും ഇത്തവണയുണ്ട്. ഹജ്ജ് കർമങ്ങൾക്കായെത്തി മരണപ്പെട്ട ഹാജിമാർക്കായി ബന്ധുക്കൾക്ക് ഹജജ് നിർവഹിക്കാം. വർണ, വർഗ, ദേശ, ഭാഷാ ഭേദമില്ലാതെ ജനലക്ഷങ്ങൾ സംഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് കാത്തിരിക്കുകയാണ് മിനായിൽ ഹാജിമാർ.

Similar Posts