2034 ഫിഫ ലോകകപ്പ്: ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യ
|ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തതായി സൗദി ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു
ജിദ്ദ: 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിന് സൗദി അറേബ്യ ഔദ്യോഗികമായി തുടക്കം കുറിച്ചു. 48 ടീമുകൾ ഏറ്റുമുട്ടുന്ന ലോകകപ്പിന് ഇതാദ്യമായാണ് ഒരു രാജ്യം മാത്രമായി ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്.
2034ലെ ലോകകപ്പിന് വേദിയൊരുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ആസ്ട്രേലിയ പിൻവാങ്ങിയതോടെയാണ് ആതിതേയത്വം വഹിക്കാനുള്ള അവസരം സൗദിക്ക് ലഭിക്കുമെന്ന് ഉറപ്പായത്. ഇതിനെതുടർന്ന് വൻ ഒരുക്കങ്ങളാണ് രാജ്യത്ത് നടന്ന് വരുന്നത്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിനും കഴിഞ്ഞ ദിവസം സൗദി അറേബ്യൻ ഫുട്ബോള് ഫെഡറേഷൻ തുടക്കം കുറിച്ചു. ആതിഥേയത്വം വഹിക്കാനുള്ള നാമനിർദേശം സമർപ്പിക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തതായും സൗദി ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. 'വളരുന്നു ഞങ്ങൾ ഒരുമിച്ച്' എന്ന ശീർഷകത്തോട് കൂടിയതാണ് ലോഗോ.
2034ലെ ലോകകപ്പിനെ സൂചിപ്പിക്കുവാൻ ലോഗോയിൽ 34 എന്ന സംഖ്യയുടെ രൂപത്തിൽ ഫുട്ബാളുമായി ബന്ധപ്പെട്ട വിവിധ ചിഹ്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ഭൂപടത്തിന്റെ ആകൃതിയിൽ അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് ലോഗോയുടെ രൂപകൽപ്പന. ഇതോടൊപ്പം ഔദ്യോഗിക വെബ്സൈറ്റും പ്രവർത്തനമാരംഭിച്ചു.
കഴിഞ്ഞ ആറ് വർഷമായി, സൗദി അറേബ്യ 40ഓളം കായിക ഇനങ്ങളിലായി നൂറിലധികം അന്താരാഷ്ട്ര ഇവന്റുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. നൂറിലധികം രാജ്യങ്ങളുമായി സജീവ ഫുട്ബാൾ പങ്കാളിത്തവും രാജ്യത്തിനുണ്ട്.