ജിസാനിൽ 20ാമത് ഹരീദ് മത്സ്യ ആഘോഷം സംഘടിപ്പിച്ചു
|ഹരീദ് മത്സ്യങ്ങൾ കടൽ തീരങ്ങളിൽ കണ്ടു വരുന്നതോടെയാണ് പാരമ്പര്യ മീൻപിടുത്ത ആഘോഷത്തിന് തുടക്കമാകുന്നത്
റിപ്പോർട്ട്: നബ്ഹാൻ ജിസാൻ
ജിസാൻ: ജിസാനു പടിഞ്ഞാറായി ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന ഫറസാൻ ദീപിൽ 20ാമത് ഹരീദ് മത്സ്യഘോഷത്തിന് കഴിഞ്ഞ വ്യാഴാഴ്ച്ച തുടക്കമായി. ഹരീദ് മത്സ്യങ്ങൾ കടൽ തീരങ്ങളിൽ കണ്ടു വരുന്നതോടെയാണ് ഈ പാരമ്പര്യ മീൻപിടുത്ത ആഘോഷത്തിന് തുടക്കമാകുന്നത്. ഏപ്രിൽ മാസത്തിന്റെ അവസാനത്തിലോ മെയ് മാസത്തിന്റെ തുടക്കത്തിലോ ആണ് മത്സ്യങ്ങൾ തീരത്തോട് അടുത്തുവരാറുള്ളത്. ജലത്തിന്റെ ആഴം കുറഞ്ഞ ഉപരിതലത്തിൽ മത്സ്യത്തിന്റെ വർണ്ണാഭമായ ചെതുമ്പലുകളിൽ നിന്ന്, സൂര്യ രശ്മിയുടെ പ്രതിഫലനത്തിൽ നിന്ന് മത്സ്യത്തിൻറെ സാന്നിധ്യം തിരിച്ചറിയുകയും മീൻ പിടിത്തത്തിനു തുടക്കം കുറിക്കുകയും ചെയ്യുന്നു. കേരളത്തിലെ കിളിമീനിനോട് സാമ്യമുള്ള മത്സ്യമാണ് ഹരീദ്.
എല്ലാ വർഷവും പ്രദേശവാസികളും വിനോദസഞ്ചാരികളും എത്തുന്ന ഹരീദ് ഫെസ്റ്റിവൽ ഈ മേഖലയിലെ പ്രധാന വിനോദസഞ്ചാര ഉത്സവമായി മാറിയിരിക്കുകയാണ്. ഹരീദ് ആഘോഷത്തിനു മാറ്റുകൂട്ടാൻ നിരവധി പ്രാദേശിക കലാരൂപങ്ങളും ഒരുക്കിയിട്ടുണ്ട്.
സന്ദർശകർ ഫറസാൻ ദീപിലെ വാദി മതർ, അൽ ഖസ്ർ ഗ്രാമം, ബൈത് അൽ ജർമൽ തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള മറ്റു സ്ഥലങ്ങളും സന്ദർശിച്ചാണ് മടങ്ങുന്നത്. പണ്ട് കാലങ്ങളിൽ കഴുതപ്പുറത്തും ഒട്ടകപ്പുറത്തുമായിരുന്നു ആളുകൾ മീൻ പിടിക്കാൻ പോയിരുന്നത്.