സൗദിയിൽ 15 വർഷത്തിനുള്ളിൽ 50,000 കോടി നിക്ഷേപം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രാലയം
|മേഖലയിൽ കൂടുതൽ തൊഴിലവസരം ഒരുക്കാൻ പദ്ധതി
ദമ്മാം: സൗദിയിൽ അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി റിയാലിന്റെ നിക്ഷേപം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രാലയം. മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് അവസരം നൽകുന്നതിന് ഒരു ലക്ഷം പേർക്ക് പരിശീലനം നൽകുന്നതിന് പ്രത്യക ഫണ്ട് നീക്കി വെക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അടുത്ത 15 വർഷത്തിനുള്ളിൽ ടൂറിസം മേഖലയിലെ നിക്ഷേപം 500 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി അറേബ്യൻ ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. മേഖലയിൽ കൂടുതൽ തൊഴിലവസങ്ങൾ സൃഷ്ടിക്കുമെന്നും അവ സ്വദേശിവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ടൂറിസം ജോലികൾ പ്രാദേശികവത്കരിക്കുന്നതിനും ലക്ഷ്യമിട്ട് പദ്ധതികൾ തയ്യാറാക്കും.
മേഖലയിൽ ജോലി ചെയ്യുന്നതിനായി 100,000 സൗദി യുവാക്കളെയും യുവതികളെയും പരിശീലിപ്പിക്കുന്നതിന് മന്ത്രാലയം പ്രതിവർഷം 100 മില്യൺ ഡോളർ ചെലവഴിക്കും. മേഖലയിലെ വലിയ നിക്ഷേപങ്ങളെ, പ്രത്യേകിച്ച് നിയോം, ചെങ്കടൽ, ഖിദ്ദിയ, ദിരിയ്യ തുടങ്ങിയ ടൂറിസ്റ്റ് നഗരങ്ങളുടെ നിർമാണത്തിലേക്ക് കേന്ദ്രീകരിക്കുന്നു. സ്വകാര്യ മേഖലയാണ് ഈ പദ്ധതികളിൽ സംഭാവന ചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചു.