സൗദിയിൽ സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്യുന്നതിന് 6000 പേർക്ക് ലൈസൻസ് അനുവദിച്ചു
|പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നതിന് രാജ്യത്ത് മൗസൂഖ് ലൈസൻസ് നിർബന്ധമാണ്
സൗദിയിൽ സാമൂഹികമാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതിന് ആറായിരം പേർക്ക് ലൈസൻസ് അനുവദിച്ചതായി ഓഡിയോ വിഷ്വൽ മീഡിയാ അതോറിറ്റി അറിയിച്ചു. പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നതിന് രാജ്യത്ത് മൗസൂഖ് ലൈസൻസ് നിർബന്ധമാണ്. അനുമതിയില്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയും ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നതിന് ഒരു വർഷത്തിനിടെ 6000 പേർക്ക് ലൈസൻസ് അനുവദിച്ചു. ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയാണ് അനുമതി നൽകിയത്. കമ്മീഷൻ നൽകുന്ന മൗസൂഖ് ലൈസൻസ് നേടിയവർക്ക് മാത്രമാണ് ഈ രംഗത്ത് പ്രവർത്തിക്കാൻ അനുമതിയുള്ളത്.
ഇതിനായി കമ്മീഷന്റെ ഇഅ്ലാം പ്ലാറ്റഫോം വഴി അപേക്ഷ സമർപ്പിക്കുകയും മൂന്ന വർഷത്തേക്ക് 15000 റിയാൽ ഫീസായി അടക്കുകയും വേണം. ഒരു വർഷം മുമ്പാണ് കമ്മീഷൻ ലൈസൻസ് നിർബന്ധമാക്കിയത്. ഇതിനു ശേഷം അനുമതിക്കായി 20000 അപേക്ഷകൾ ലഭിച്ചു. ഇവയിൽ നൂറിലധികം അപേക്ഷകൾ നിരസിക്കുകയും ആറായിരം ലൈസൻസ് അനുവദിക്കുകയും ചെയ്തു. ബാക്കിയുള്ളവ വിവിധ കാരണങ്ങളാൽ മാറ്റിവെച്ചതായും കമ്മീഷൻ അറിയിച്ചു.
കമ്മീഷന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് സ്വദേശികൾക്കും വിദേശികൾക്കും ലൈസൻസുകൾ അനുവദിച്ച വരുന്നത്. ലൈസൻസുമായി ബന്ധിപ്പിച്ച സമൂഹമാധ്യമ അകൗണ്ടുകൾ വഴി മാത്രമാണ് പരസ്യം ചെയ്യുന്നതിന് അനുമതി നൽകുക. കമ്മീഷന്റെ നിർദ്ദേശങ്ങളും നിബന്ധനകളും ലംഘിക്കുന്ന പക്ഷം ലൈസൻസ് റദ്ദാക്കപ്പെടും.