സൗദിയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു; പാസ്‌പോർട്ട് ഉൾപ്പെടെ കത്തി നശിച്ചു
|ഇരുപത്തിയെട്ട് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ചിരുന്ന ബസാണ് ഇന്നലെ നടുറോഡില്‍ അഗ്നിക്കിരയായത്
സൗദിയിലെ അല്‍ഹസ്സയില്‍ സഞ്ചരിച്ചിരുന്ന ബസ് അഗ്നിക്കിരയായി. തീപിടുത്തത്തില്‍ യാത്രക്കാരില്‍ പലരുടെയും ലഗേജുകളും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാ രേഖകളും കത്തിനശിച്ചു. ദുബൈയില്‍ നിന്നും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ദമ്മാമിലേക്ക് പുറപ്പെട്ട ബസാണ് ഇന്നലെ ഉച്ചയോടെ അഗ്നിക്കിരയായത്.
ഇരുപത്തിയെട്ട് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ചിരുന്ന ബസാണ് ഇന്നലെ നടുറോഡില്‍ അഗ്നിക്കിരയായത്. ഇവരില്‍ ഭൂരിഭാഗം പേരും ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയായി നാട്ടില്‍ കുടുങ്ങിയവരായിരുന്നു. യാത്രക്കാരില്‍ പലരും ഉച്ചയുറക്കത്തിലായിരുന്നു. ബസിന്റെ പിന്‍ സിറ്റിലിരുന്നവരാണ് പുകയുയരുന്നത് ആദ്യം കണ്ടത്.
രക്ഷപ്പെടുന്നതിനിടയില്‍ പലര്‍ക്കും ലഗേജും യാത്രാ രേഖകളും എടുക്കാന്‍ സാധിച്ചില്ല. മിനിറ്റുകള്‍ക്കകം ബസ് കത്തിയമരുകയായിരുന്നു. ബസ് സൗദി ബോര്‍ഡര്‍ പിന്നിട്ട് കുറച്ച് ദുരം കഴിഞ്ഞപ്പോള്‍ ഒരു തവണ കേടായിരുന്നു. ഈ സമയം ഡ്രൈവര്‍ തന്നെ സ്വയം റിപ്പയര്‍ നടത്തി യാത്ര തുടരുകയായിരുന്നു. യാത്രക്കാര്‍ മെക്കാനിക്കിനെ വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ അത് അവഗണിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.