സൗദിയിൽ സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം
|മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശി മുഹമ്മദലിയുടെ കുടുംബത്തിനാണ് ഒരു കോടിയോളം രൂപയുടെ നഷ്ടപരിഹാരം ലഭിച്ചത്
ജുബൈൽ: ഉറങ്ങികിടക്കുന്നതിനിടെ സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നാല് ലക്ഷം റിയാൽ നഷ്ടപരിഹാരം അനുവദിച്ചു. കഴിഞ്ഞ വർഷം ആദ്യം സൗദി ജുബൈലിൽ കൊല്ലപ്പെട്ട മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയുടെ കുടുംബത്തിനാണ് ഒരു കോടിയോളം രൂപയുടെ നഷ്ടപരിഹാരം ലഭിച്ചത്.
2023 ജനുവരിയിലാണ് കേസിനു ആസ്പദമായ സംഭവം ഉണ്ടാകുന്നത്. രാത്രി ഷിഫ്റ്റിലെ ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങുകയായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകൻ തമിഴ്‌നാട് സ്വദേശി മഹേഷ് കുത്തുകയായിരുന്നു. വിവരമറിഞ്ഞ കമ്പനി അധികൃതർ ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും മുഹമ്മദലിയുടെ ജീവൻ രക്ഷിക്കാനായില്ല. അതിന് ശേഷം മഹേഷിനെ സ്വയം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മഹേഷിന് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കൊല നടത്തിയതിന്റെ കുറ്റബോധം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചിരുന്നു. മുഹമ്മദലിയുടെ മൃതദേഹം ജുബൈലിൽ തന്നെ മറവ് ചെയ്തു.
ചെന്നൈ സ്വദേശിയായ മഹേഷ് മെഷീനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മരണപ്പെട്ട മുഹമ്മദലിയെയും മഹേഷിനെയും കൂടാതെ മറ്റൊരാൾ കൂടി ഇവരുടെ മുറിയിൽ താമസിച്ചിരുന്നു. സംഭവസമയം അദ്ദേഹം ഡ്യൂട്ടിയിൽ ആയിരുന്നു. ഇരുവരും താമസിച്ചിരുന്ന ക്യാമ്പിലും ജുബൈൽ മലയാളി സമൂഹത്തിലും ഏറെ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു ഇത്. മഹേഷ് ഇപ്പോൾ ജയിലിലാണ്.
മൃതദേഹം സംസ്‌കരിക്കാനുള്ള പവർ ഓഫ് അറ്റോർണി അന്നത്തെ കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റായിരുന്ന ഉസ്മാൻ ഒട്ടുമ്മലിനായിരുന്നു ലഭിച്ചത്. ജോലിയിലിരിക്കെ മരണപ്പെട്ടാൽ കമ്പനി മുഖേന മരണപ്പെട്ടയാളുടെ കുടുംബത്തിന് ഇൻഷുറൻസ് ലഭിക്കുമെന്നറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എംബസ്സിയുമായും കമ്പനിയുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു.
ഇതിനിടെ മുഹമ്മദലി ജോലി ചെയ്തിരുന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാര ഇൻഷുറൻസ് തുക ലഭിച്ചതിനെ തുടർന്ന് കമ്പനി അധികൃതർ ഉസ്മാൻ ഒട്ടുമ്മലുമായി ബന്ധപ്പെടുകയും കുടുംബത്തിന് ഏറെ ആശ്വാസകരമായ ആ വാർത്ത പങ്കുവെക്കുകയുമാണുണ്ടായത്. കമ്പനി ഇന്ത്യൻ എംബസ്സിയുടെ അക്കൗണ്ടിലേക്ക് തുക കൈമാറിയിട്ടുണ്ട്. താമസിയാതെ മുഹമ്മദലിയുടെ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്യപ്പെടും. ജുബൈലിലെ ഒരു കെമിക്കൽ കമ്പനി ജീവനക്കാരനായിരുന്നു മുഹമ്മദലി. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ.നാലുപെണ്മക്കളുണ്ട്.