പഴയ കേസ് വിനയായി; ഹജ്ജിനെത്തിയ മലയാളിക്ക് നാട്ടിലേക്ക് മടങ്ങാനായില്ല
|സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലില്‍ ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.
പതിനഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന കേസ് വിനയായി ഹജ്ജിനെത്തിയ മലയാളിക്ക് നാട്ടിലേക്ക് മടങ്ങാനായില്ല. മലപ്പുറം തൃപ്പങ്ങോട് സ്വദേശിയാണ് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായത്. പ്രവാസിയായിരിക്കെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി നേരിടേണ്ടി വന്നത്. ഒടുവില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലില്‍ ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.
കേരളത്തില്‍ നിന്നും കുടുംബത്തോടൊപ്പം സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴില്‍ ഹജ്ജിനെത്തിയ മലപ്പുറം സ്വദേശിയാണ് പിടിയിലായത്. ദിവസങ്ങള്ക്ക് മുന്പ് ഹജ്ജ കര്‍മ്മങ്ങള്‍ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദാ വിമാനത്താവളത്തിലെത്തിയ തീർഥാടകനെ എമിഗ്രേഷന്‍ വിഭാഗം തടയുകയായിരുന്നു. പതിനഞ്ച് വര്‍ഷം മുമ്പ് ദമ്മാമില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടർ നടപടികൾക്ക് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുവാന്‍ നിര്‍ദ്ദേശവും നല്‍കി.
ജിദ്ദയില്‍ നിന്നും ദമ്മാമിലെത്തിയ ഇദ്ദേഹം അല്‍ഖോബാര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജാരാകുകയും ഒടുവില്‍ സാമൂഹ്യ പ്രവര്‍ത്തകനായ മണിക്കുട്ടന്റെ സഹായത്തോടെ തര്‍ഹീലില്‍ നിന്നും എക്‌സിറ്റ് നേടുകയും ചെയ്തു. നിയമ നടപടികൾ പൂർത്തിയാക്കി ഇന്ന് പുലര്‍ച്ചയോടെ നാട്ടിലേക്ക് തിരിച്ചു. മുപ്പത് വര്‍ഷം സൗദിയിലുണ്ടായിരുന്ന ഇദ്ദേഹം എട്ട് വര്‍ഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. ദമ്മാം ടൊയോട്ടയില്‍ പച്ചക്കറി മാര്‍ക്കറ്റിലായിരുന്ന ജോലി. ജോലിക്കിടെ അറബ് പൗരനുമായുണ്ടായ വഴക്കും തുടര്‍ സംഭവങ്ങളുമാണ് കേസിനാസ്പദമായ സംഭവമായി ഇദ്ദേഹം ഓര്‍ത്തെടുക്കുന്നത്.