മക്കയിലും മദീനയിലും വിശ്വാസികളുടെ വന്‍ തിരക്ക്
|റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ട മക്കയിലെ ഹറം പള്ളിയിൽ പത്ത് ലക്ഷത്തില്‍ കൂടുതല്‍ വിശ്വാസികൾ എത്തി.
റമദാൻ ആദ്യ പകുതി പിന്നിട്ടതോടെ മക്കയിലും മദീനയിലും വിശ്വാസികളുടെ തിരക്ക് വർധിച്ചു. റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ട മക്കയിലെ ഹറം പള്ളിയിൽ പത്തര ലക്ഷത്തിനടുത്ത് വിശ്വാസികൾ എത്തി. ആദ്യ പകുതിയിൽ മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ ഒന്നര കോടിയിലിധികം വിശ്വാസികളാണ് പ്രാർഥനക്കെത്തിയത്.
റമദാനിലെ ആദ്യ പകുതിയിൽ മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ ഒരു കോടി 57 ലക്ഷം വിശ്വാസികളാണ് പ്രാർഥനക്കെത്തിയത്. ഈ വർഷം മുഹറം മാസം തുടക്കം മുതൽ ഇത് വരെ 16 കോടി 30 ലക്ഷം വിശ്വാസികൾ എത്തിയതായും ഇരു ഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് വ്യക്തമാക്കി.
റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച മാത്രം മക്കയിലെ ഹറം പള്ളിയിൽ ഉംറക്കും പ്രാർഥനക്കുമെത്തിയത് പത്തര ലക്ഷത്തിനടുത്ത് വിശ്വാസികളാണ്. റമദാനിലെ 17ാം രാവിൽ ഹറം പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് വർധിച്ചതായും ഹറം കാര്യാലയം വ്യക്തമാക്കി.
മക്കയിലും മദീനയിലും നമസ്കാരങ്ങളിൽ പങ്കെടുക്കാനും പ്രാർഥിക്കുവാനും പെർമിറ്റ് ആവശ്യമില്ലെങ്കിലും ഉംറ ചെയ്യുന്നതിനും റൌളാശരീഫിൽ നമസ്കരിക്കുന്നതിനും പെർമിറ്റ് നിർബന്ധമാണ്. പെർമിറ്റുകൾ നേടാനുപയോഗിക്കുന്ന നുസുക്, തവക്കൽനാ ആപ്പുകൾ വഴി രണ്ട് ദിവസമായി ആർക്കും പെർമിറ്റുകൾ നേടാന്‍ സാധിക്കുന്നില്ല. റിസർവേഷൻ പൂർത്തിയായതായാണ് കാണിക്കുന്നത്. അതിനാൽ തന്നെ കഴിഞ്ഞ ദിവസം മുതൽ നിരവധി പേർക്ക് ഉംറ ചെയ്യാനും റൌളാ ശരീഫിൽ നമസ്കരിക്കാനും സാധിച്ചിട്ടില്ല.