അഴിമതി കേസ്: സൗദിയിൽ സ്വദേശി പൗരൻ അറസ്റ്റിൽ
|4,930 കോടി റിയാലിന്റെ അനധികൃത ഇടപാടുകൾ നടത്തിയ കേസിലാണ് അറസ്റ്റ്
ജിദ്ദ: സൗദിയിൽ അഴിമതി കേസിൽ സ്വദേശി പൗരൻ അറസ്റ്റിലായി. 4,930 കോടി റിയാലിന്റെ അനധികൃത ഇടപാടുകൾ നടത്തിയ കേസിലാണ് അറസ്റ്റ്. അഴിമതി വിരുദ്ധ സമിതിയാണ് അന്വേഷണം നടത്തിയത്. സൗദി കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ കമ്മീഷനാണ് നടപടി കൈകൊണ്ടത്.
പ്രാദേശിക ബാങ്കിലെ ജീവനക്കാരനുമായി ചേർന്നാണ് അനധികൃത ഇടപാടുകൾ നടത്തിയത്. ബാങ്കിംഗ് സംവിധാനങ്ങൾ മറികടന്ന് 4930 കോടി റിയാൽ ധനസഹായം നേടിയെന്നതാണ് സൗദി പൗരനെതിരായ കേസ്. ഇതിൽ 100 മില്യൻ റിയാൽ രാജ്യത്തിന്റെ പുറത്തേക്ക് അയച്ചു. ഇതുപയോഗിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപവും നടത്തി. ബന്ധുക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തു എന്നും കേസിന്റെ വിശദാംശങ്ങളിൽ പറയുന്നുണ്ട്.
പ്രതിക്ക് അനധികൃതമായി രാജ്യത്തിന്റെ പുറത്തേക്ക് പോവാനും തിരിച്ചെത്താനുമുള്ള സൗകര്യം ചെയ്ത മൂന്നു പാസ്പോർട്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിനെതിരായ അന്വേഷണ നടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രൊസിക്യൂഷന് ഉടൻ കൈമാറുമെന്ന് സമിതി വെളിപ്പെടുത്തി.