Saudi Arabia
ജോലിയില്ലാതെ പ്രയാസപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയെ നാട്ടിലേക്കയച്ചു
Saudi Arabia

ജോലിയില്ലാതെ പ്രയാസപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയെ നാട്ടിലേക്കയച്ചു

Web Desk
|
8 Dec 2023 1:25 AM GMT

മൂന്ന് പതിറ്റാണ്ട് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ പ്രവാസ ജീവിതം നയിച്ച രമേശ് ചന്ദ് എന്ന ഉത്തർപ്രദേശ് അസംഗഡ് സ്വദേശി ജന്മനാട്ടിലേക്ക് മടങ്ങി. ഭാര്യയും രണ്ടു പെൺകുട്ടികളുമുള്ള കുടുംബാംഗമായ രമേശ് ചന്ദ് അവസാനം രോഗിയും അവശനുമായാണ് നാട്ടിലേക്ക് തിരിച്ചത്.

രണ്ടര വർഷം മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഹാർട്ടിന് ഓപ്പൺ സർജറി നടത്തിയതിനാൽ ഭാരമുള്ള ജോലികളൊന്നും ചെയ്യാനാവാതെ ഡ്രൈവറായി ജോലി ചെയ്തെങ്കിലും പിന്നീട് അതിനും സാധിക്കാതെ ജോലി ഉപേക്ഷിക്കേണ്ടി വന്നെങ്കിലും മൂന്ന് പതിറ്റാണ്ടിൻ്റെ അദ്ധ്വാനത്തിൽ ഒന്നും ബാക്കി വക്കാൻ ലഭിച്ചിരുന്നില്ല.

കമ്പനിയിൽ നിന്നും നിയമപോരാട്ടങ്ങൾക്കൊടുവിൽ തുഛമായ സർവീസ് സഹായം കിട്ടിയെങ്കിലും അവസാനത്തെ ഒന്നര വർഷം ജോലിയും കൂലിയുമൊന്നുമില്ലാതെ സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും പരസഹായത്താൽ ജീവിതം തള്ളിനീക്കുകയായിരുന്നു.

ഒടുവിൽ അൽ ഹസ്സയിലെ സാമുഹ്യ പ്രവർത്തകരയ ഒഐസിസി നേതാക്കളുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കിയത്.

ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ റിയാദ് ഇന്ത്യൻ എംബസി ലേബർ ഡിപ്പാർട്ട്മെൻ്റുമായി നടത്തിയ നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് രമേശ് ചന്ദിന് തർഹീൽ വഴി ഫൈനൽ എക്സിറ്റ് ലഭിക്കാനും, വീടണയാനുമുള്ള സാഹചര്യങ്ങൾ ഉണ്ടായത്.

വികാരനിർഭരമായ യാത്രയയപ്പ് ചടങ്ങിൽ ഉമർ കോട്ടയിൽ, ശാഫി കുദിർ,റഫീഖ് വയനാട്, മൊയ്തു അടാടിയിൽ, അഖിലേഷ് ബാബു, മുരളീധരൻ പിള്ള, സബാസ്റ്റ്യൻ വി പി, ബിനു ഡാനിയേൽ എന്നിവരെ കൂടാതെ ഒന്നര വർഷം രമേശ് ചന്ദിനെ ഒരു സഹോദരനെപ്പോലെ പരിചരിച്ച ഗുജറാത്ത് സ്വദേശി ആനന്ദ്, രാജസ്ഥാൻ സ്വദേശി രാജേഷ് എന്നിവരും എത്തിയിരുന്നു.

സഹായങ്ങൾക്കും, ഹൃദ്യമായ യാത്രയയപ്പിനും രമേശ് ചന്ദ് നന്ദി പറഞ്ഞു. തൻ്റെ ഇനിയുള്ള ജീവിതം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് വേണ്ടിയായിരിക്കുമെന്ന്, രമേശ് ചന്ദ് പറഞ്ഞു. സംഘടനയുടെ കാരുണ്യ സ്പർശം തുടർന്നും ജാതി, മത, ദേശ വ്യത്യാസമില്ലാതെ ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Similar Posts