കിഴക്കൻ സൗദിയിലെ കപ്പൽ നിർമ്മാണ കേന്ദ്രം ഈ വർഷത്തോടെ പ്രവർത്തനമാരംഭിക്കും
|520 ബില്യൺ റിയാൽ മുതൽ മുടക്കിലാണ് കൂറ്റൻ നിർമ്മാണ കേന്ദ്രം പണികഴിപ്പിക്കുന്നത്
ദമ്മാം: സൗദി അറേബ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന കപ്പൽ നിർമാണ ഫാക്ടറികളുടെ പ്രവർത്തനം ഈവർഷമുണ്ടാകുമെന്ന് എൻ.ഐ.ഡി.എൽ.പി മേധാവി സുലൈമാന്‍ അല്‍മസ്രൂവ. കിഴക്കൻ സൗദിയിലെ റാസൽഖൈറിലാണ് നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നത്. ഹ്യുണ്ടായ് ഹൈവി ഇൻഡസ്ട്രീസ് കമ്പനി, സൗദി നാഷണൽ ഷിപ്പിംഗ് കമ്പനിയായ ബഹരി, സൗദി അറേബ്യൻ ഓയിൽ കമ്പനിയായ സൗദി അരാംകോ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നിർമ്മാണ കേന്ദ്രം ഒരുങ്ങുന്നത്.
520 ബില്യൺ റിയാൽ മുതൽ മുടക്കിലാണ് കൂറ്റൻ നിർമ്മാണ കേന്ദ്രം പണികഴിപ്പിക്കുന്നത്. മൂന്ന് കൂറ്റൻ എണ്ണ ടാങ്കറുകൾ ഉൾപ്പെടെ നാല് ഓഫ്ഷോർ ഡ്രില്ലിംഗ് പ്ലാറ്റ്ഫോമുകളും നാൽപ്പതിലധികം കപ്പലുകളും നിർമ്മിക്കാനുള്ള ശേഷി കേന്ദ്രത്തിനുണ്ട്. നിർമ്മാണ കേന്ദ്രം പ്രവർത്തന സജ്ജമാകുന്നതോടെ സൗദിയുടെ ഇറക്കുമതി പന്ത്രണ്ട് ബില്യൺ ഡോളർ കുറക്കുവാനും ജിഡിപിയിൽ പതിനേഴ് ബില്യൺ ഡോളറിന്റെ വരുമാനം വർധിപ്പിക്കാനും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്.