Saudi Arabia
A special group of Saudi-led countries will visit China on Monday
Saudi Arabia

സൗദി നേതൃത്വത്തിലുള്ള രാജ്യങ്ങളുടെ പ്രത്യേക സംഘം തിങ്കളാഴ്ച ചൈനയിൽ; ഗസ്സയിൽ വെടിനിർത്തലിന് സമ്മർദം ശക്തമാക്കും

Web Desk
|
18 Nov 2023 3:39 PM GMT

അറബ് ഇസ്‌ലാമിക രാജ്യങ്ങളുടെ അടിയന്തര യോഗത്തിലെ തീരുമാനപ്രകാരമാണ് സന്ദർശനം. ഫലസ്തീൻ, ജോർദാൻ, ഈജിപ്ത്, ഖത്തർ, തുർക്കി, ഇന്തോനേഷ്യ, നൈജീരിയ വിദേശകാര്യ മന്ത്രിമാരും സംഘത്തിലുണ്ടാവും.

റിയാദ്: സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളുടെ പ്രത്യേക സംഘം തിങ്കളാഴ്ച ചൈനയിലെത്തും. ഗസ്സയിൽ വെടിനിർത്തലിന് സമ്മർദം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ച ചേർന്ന അറബ് ഇസ്‌ലാമിക രാജ്യങ്ങളുടെ അടിയന്തര യോഗത്തിലെ തീരുമാനമാണ് നടപ്പാക്കുന്നത്. യു.എൻ സുരക്ഷാ കൗൺസിൽ അംഗരാജ്യങ്ങളേയും സ്വാധീന ശേഷിയുള്ള രാഷ്ട്രനേതാക്കളെയും സംഘം കാണും. ഫലസ്തീൻ, ജോർദാൻ, ഈജിപ്ത്, ഖത്തർ, തുർക്കി, ഇന്തോനേഷ്യ, നൈജീരിയ വിദേശകാര്യ മന്ത്രിമാരും സംഘത്തിലുണ്ടാവും.

ഫലസ്തീൻ കൂട്ടക്കുരുതിയുടെ പൂർണ ഉത്തരവാദിത്തം യു.എസിനെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പട്ടിണിക്കിട്ട് കൊല്ലുകയെന്നതാണ് ഇസ്രായേൽ നയം. അന്തർദേശീയ സമൂഹം തുടരുന്ന മൗനം അനിയന്ത്രിത കുരുതിക്ക് അവസരമാകുന്നു. ശത്രുവിനെതിരായ നീക്കത്തിൽനിന്ന് ഒരിക്കലും പിറകോട്ടില്ല. ഫലസ്തീന്റെ സ്വാതന്ത്ര്യവും ഭൂമിക്ക് മേലുള്ള അവകാശവും ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഹംദാൻ വ്യക്തമാക്കി.

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മരണസംഖ്യ 12,000 കടന്നു. കൊല്ലപ്പെട്ടവരിൽ 5000ൽ അധികം പേർ കുട്ടികളും 3300 പേർ കുട്ടികളുമാണ്. ഡോക്ടർമാരും നഴ്‌സുമാരും അടക്കം 200 ആരോഗ്യപ്രവർത്തകരും 51 മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. ശുദ്ധജലക്ഷാമം കാരണം 30,000 പേർ പകർച്ചവ്യാധിയുടെ പിടിയിലാണ്. 1800 കുട്ടികളടക്കം 3750 പേരെ കാണാതായിട്ടുണ്ട്.

Similar Posts