ഏകീകൃത ജി.സി.സി വിസ ഈ വർഷാവസാനത്തോടെ പുറത്തിറക്കും
|വിസ നിലവിൽ വരുന്ന തിയ്യതി ഉടൻ പ്രഖ്യാപിക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദാവി പറഞ്ഞു
ദമ്മാം: ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുടെ അന്തിമ രൂപം ഈ വർഷവസാനത്തോടെ പുറത്തിറക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദാവി. വിസ നടപ്പിലാകുന്നത് സംബന്ധിച്ച തിയ്യതിയും ഇതിനോടനുബന്ധിച്ച് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിൽ നടന്ന ഐ.എം.എഫിൻറെയും ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അൽ-ബദാവി. ഗൾഫ് മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്ന പദ്ധതിയായി ജി.സി.സി വിസ മാറുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്.
ട്രാവൽ ആന്റ് ടൂറിസ്റ്റ് മേഖലയിൽ വലിയ വളർച്ചക്കും കുതിച്ചു ചാട്ടത്തിനും ഇത് ഇടയാക്കും. യൂറോപ്യൻ രാജ്യങ്ങളിൽ നിലവിലുള്ള ഷെങ്കൻ വിസക്ക് സമാനമായ സ്വാധീനമാകും ജിസിസി ടൂറിസ്റ്റ് വിസയും ഉണ്ടാക്കുക. വിസ നിലവിൽ വരുന്നതോടെ അഞ്ച് വർഷത്തിനകം 129 ദശലക്ഷം സന്ദർശകരെയാണ് മേഖലയിൽ പ്രതീക്ഷിക്കുന്നത്. ഒറ്റ വിസയിൽ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹറൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. കഴിഞ്ഞ വർഷം ഡിസംബറിലാണ് ജിസിസി സുപ്രിം കൗൺസിൽ ഏകീകൃത വിസക്ക് അംഗീകാരം നൽകിയത്.