റഹീമിന്റെ മോചനം നീളും; ഹരജിയിൽ ഇന്നും തീരുമാനമായില്ല
|നാളെ സൗദി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് മോചനം സംബന്ധിച്ച വിവരങ്ങൾ കൈമാറും
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനഹരജിയിൽ ഇന്ന് തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ കേസ് പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. എന്നാൽ, ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി വധശിക്ഷ റദ്ദാക്കിയ കോടതി തന്നെയാണു വിധിപറയേണ്ടതെന്ന് അറിയിക്കുകയായിരുന്നു.
വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു ഇന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു. ഇന്നത്തെ സിറ്റിങ്ങിൽ മോചനം സംബന്ധിച്ച ഉത്തരവുണ്ടാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. നാളെ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യത്തിൽ വിവരങ്ങൾ കൈമാറും.
ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചു. ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്ജി അറിയിക്കും. ഏത് ദിവസമാകും സിറ്റിങ് എന്നത് സംബന്ധിച്ച അറിയിപ്പും ഇതിന് പിന്നാലെയുണ്ടാകും. ഇന്നത്തെ സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടാകും എന്നാണ് നിയമസഹായ സമിതി പ്രതീക്ഷിച്ചിരുന്നത്. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ ഇന്ന് കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.
Summary: No decision was taken today on the release petition of Abdul Rahim, a native of Kozhikode, who is in Saudi jail