അബ്ദു റഹീമിന്റെ ദിയാധനം റിയാദ് ഗവർണറേറ്റിന് കൈമാറി
|ഗവർണറേറ്റ് വിവരങ്ങൾ കോടതിയെ അറിയിക്കുന്നതോടെ മോചനം സാധ്യമാകും
റിയാദ്: സൗദി അറേബ്യൻ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി അബ്ദു റഹീമിന്റെ ദിയാധനം റിയാദ് ഗവർണറേറ്റിന് കൈമാറി. ഇന്ത്യൻ എംബസിയാണ് പണം കൈമാറിയത്. അനുരജ്ഞന കരാറിൽ ഇരു വിഭാഗവും ഒപ്പുവെക്കുകയും ചെയ്തു. ഗവർണറേറ്റ് വിവരങ്ങൾ കോടതിയെ അറിയിക്കുന്നതോടെ മോചനം സാധ്യമാകും.
റഹീമിന്റെ മോചനത്തിനായി ദിയ ധനം നൽകാനുള്ള ഒന്നരക്കോടി സൗദി റിയാൽ റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി നേരത്തെ അറിയിച്ചിരുന്നു. മെയ് 23 വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറിയിരുന്നത്. ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന് ലഭിക്കുകയായിരുന്നു. പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം എംബസിയിലെത്തിച്ചിരുന്നു.